ഫലവൃക്ഷ തൈകളുടെ പച്ചത്തുരുത്ത്

post

തിരുവനന്തപുരം : ജില്ലയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഫലവൃക്ഷ തൈകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ഹാഷ് ടാഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. വീട്ടുകാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും പങ്കെടുക്കാം. പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി പ്രതിവര്‍ഷം ഒരുകോടി ഫലവൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മത്സരം. കോവിഡ് 19 പ്രതിരോധ കാലത്ത് വീടുകളുടെയും സ്ഥാപനങ്ങളുടെയും വളപ്പില്‍ വിത്തുകള്‍ പാകി ഫലവൃക്ഷ തൈകള്‍ മുളപ്പിച്ചെടുക്കണം. ജനകീയ ഫലവൃക്ഷതൈ നടീലിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഹാഷ് ടാഗ് മത്സരം സംഘടിപ്പിക്കുന്നത്. 

മാവ്, പ്ലാവ്, മുരിങ്ങ, അവക്കാഡോ, റമ്പുട്ടാന്‍, മാങ്കോസ്റ്റിന്‍, സപ്പോട്ട, ഡ്രാഗണ്‍ഫ്രൂട്ട്, പപ്പായ, പേര, ജാമ്പ  തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകള്‍ മുളപ്പിക്കണം. ഏതെങ്കിലും ഒരിനമോ ഒന്നിലധികം ഇനങ്ങള്‍ സമ്മിശ്രമായോ ഉത്പാദിപ്പിക്കാം. ഏറ്റവും കൂടുതല്‍ ഫലവൃക്ഷ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നവരാകും വിജയി. ഹരിത കേരളം മിഷന്‍ നിയോഗിക്കുന്ന ജില്ലാതല വിദഗ്ദ്ധ സമിതിയായിരിക്കും ജില്ലാതലത്തില്‍ വിജയിയെ തെരഞ്ഞെടുക്കുക . ഉത്പാദിപ്പിക്കുന്ന ഫലവൃക്ഷതൈകള്‍ അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറണം. ഫലവൃക്ഷ തൈകള്‍ തയ്യാറായി കഴിഞ്ഞാല്‍ അതിന്റെ ഫോട്ടോ / വീഡിയോ ഹാഷ് ടാഗ് മത്സരത്തിലേക്ക് 2020 മെയ് 30 -ന്  മുന്‍പ് ്ോ tvmharithakeralam@gmail.com എന്ന  ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍  താത്പര്യമുള്ളവര്‍  https:// orms.gle/97wHbRcrBbxngtmGA, https://forms.gle/4MWzRThvSorbycGo9 എന്നീ വിലാസത്തില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍  തിരുവനന്തപുരം ജില്ലയിലുള്ള വീടുകളില്‍ താമസിക്കുന്നവരോ സ്ഥാപന മേധാവികളോ(സ്‌കൂള്‍,കോളേജ് -എസ് .പി .സി ., എന്‍ .എസ് .എസ്., ക്ലബ്ബ് ,ലൈബ്രറി, ആശുപത്രി ,വിവിധ സംഘടനകള്‍) ആയിരിക്കണം. ഫലവൃക്ഷ തൈ ഉത്പാദന നഴ്‌സറികള്‍ / ഹരിതകേരളം മിഷന്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.