റെയില്‍വേയുടേത് മികച്ച സഹായം- മുഖ്യമന്ത്രി

post

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ റെയില്‍വെയുടെ സഹായം സംസ്ഥാനത്തിന് മികച്ച രീതിയില്‍ ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുഡ്‌സ് ട്രെയിന്‍ വഴി ചരക്കുനീക്കം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ആവശ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നുണ്ട്. 2.9 ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഏപ്രില്‍ ഒന്നു മുതല്‍ 22 വരെ എത്തിച്ചു. ചുരുങ്ങിയ അളവിലുള്ള ചരക്കുനീക്കം സാധ്യമാക്കാന്‍ പ്രതിദിന പാര്‍സല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നാഗര്‍കോവില്‍ നിന്നും കോട്ടയം വഴി കോഴിക്കോട് വരെ സര്‍വീസ് നടത്തുന്നുണ്ട്. മിതമായ നിരക്കില്‍ അവശ്യ വസ്തുക്കളും കാര്‍ഷിക ഉല്‍പനങ്ങളും ഇതുവഴി അയക്കാനാകും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ഇതിലൂടെ ബുക്ക് ചെയ്തിരുന്നത്. തദ്ദേശീയമായ വിളകള്‍, പച്ചക്കറികള്‍ എന്നിവയും അയ്ക്കുന്നുണ്ട്.

തിരുവനന്തപുരം ഡിവിഷണല്‍ ഹോസ്പിറ്റല്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി നോമിനേറ്റ് ചെയ്ത് ചികിത്സ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് 152 ഓളം മെഡിക്കല്‍ ജീവനക്കാരെ താല്‍കാലികമായി നിയമിക്കാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡിവിഷനില്‍ 60 ഉം പാലക്കാട് ഡിവിഷനില്‍ 32 ഉം മെഡിക്കല്‍  ഐസൊലേഷന്‍ വാര്‍ഡ് കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.