എല്ലാ താലൂക്ക് ആശുപത്രികളിലും ലഹരിമോചന കേന്ദ്രങ്ങള്‍ : മന്ത്രി കെ. രാജു

post

കൊല്ലം: ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ലഹരിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് വനം  വന്യജീവി വകുപ്പ് മന്ത്രി കെ. രാജു. എക്‌സൈസ് വകുപ്പ് ലഹരി മോചനം ലക്ഷ്യമാക്കി വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ജില്ലാതല എക്‌സിക്യുട്ടിവ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് ആശുപത്രികളില്‍ കേന്ദ്രം തുടങ്ങുന്നതിന് സ്ഥലപരിമിതി തടസ്സമാകുന്നുവെങ്കില്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യം കണ്ടെത്താനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. ഒരു ഡോക്ടര്‍, നഴ്‌സ് എന്നിവരെ താത്കാലിക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുകയും വേണം. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ മുന്‍കൈയെടുത്താല്‍ വരുന്ന ജനുവരി 30നകം തന്നെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ജില്ലാ മെഡിക്കല്‍ ഓഫീസറെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തി.

ലഹരി വിമുക്തിക്കായുള്ള ബോധവത്കരണത്തിന് സന്നദ്ധരാകുന്നവര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു. ജില്ലാതലത്തില്‍ ആദ്യം 10 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ലഹരിവിരുദ്ധ പ്രചാരണം ലക്ഷ്യമാക്കി എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക കലാരൂപങ്ങള്‍ അവതരിപ്പിക്കണം. കുറഞ്ഞത് രണ്ട് ഇനങ്ങളെങ്കിലും വേണം. ഹ്രസ്വചിത്ര പ്രദര്‍ശനം, കലാജാഥ തുടങ്ങിയ  പരിപാടികളിലൂടെയും ബോധവത്കരണം ഉറപ്പാക്കണം.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരെ പ്രമേയം പാസാക്കുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ ഒന്നിന് തുടങ്ങി 2020 ജനുവരി 30 വരെ നീളുന്ന 90 ദിന പരിപാടിയുടെ ഭാഗമായി നിശ്ചയിച്ച പരിപാടികളെല്ലാം നടപ്പിലാക്കും എന്നും മന്ത്രി യോഗത്തെ അറിയിച്ചു.

വിമുക്തി കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍നാസര്‍ സേഫ് കൊല്ലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി സംയോജിപ്പിച്ച് വിമുക്തി പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാനാകുമെന്ന് വ്യക്തമാക്കി. കുട്ടികള്‍ വഴി മുതിര്‍ന്നവരിലേക്ക് സന്ദേശം എത്തിച്ച് ലഹരിയില്‍ നിന്നുള്ള മോചനം സാധ്യമാക്കാനാകും എന്നും പറഞ്ഞു.

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജേക്കബ് ജോണ്‍, കൊടിക്കുന്നില്‍ സുരേഷ് എം. പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.