വിരമിക്കാന്‍ 10 ദിനങ്ങള്‍ മാത്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലന്‍ തിരക്കിലാണ്

post

കാസര്‍ഗോഡ് : വിശ്രമം അറിയാതെ ജോലിത്തിരക്കിലാണ് 2020 ജനുവരി അവസാനം തൊട്ട് ജില്ലാശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലന്‍ പി.വി. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളില്‍ സംസ്ഥാനത്തെ മൂന്നാമത്തെ കേസ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ രോഗിയെ  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തൊട്ട് ഇടവേളകളില്ലാത്ത പ്രവര്‍ത്തന വഴികളിലൂടെയായിരുന്നു ബാലനും സഹപ്രവര്‍ത്തകരും. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, സ്രവ പരിശോധനാ സൗകര്യം ഒരുക്കല്‍ ബോധവല്‍ക്കരണം തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങള്‍, രണ്ടാംഘട്ട വ്യാപനം തുടങ്ങി കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വിശ്രമരഹിതമായ നാളുകള്‍ കൂടി വന്നു. സ്രവ പരിശോധനക്ക് എത്തുന്ന നൂറുകണക്കിന് പേരുടെ രജിസ്ട്രേഷന്‍, കൗണ്‍സിലിംഗ്, പരിശോധനയ്ക്ക് എടുത്ത സാമ്പിളുകടെ പാക്കിംഗ് ഉത്തരവാദിത്വങ്ങള്‍, മുതലായവ  വര്‍ധിച്ച വന്നപ്പോഴും തികഞ്ഞ ആത്മാര്‍ത്ഥതയോടെ കര്‍മ്മരംഗത്ത് വ്യാപൃതനാവുകയായിരുന്നു ബാലന്‍. ജില്ലാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ  ശുചീകരണ-അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഒപ്പം സാമൂഹിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും. 26 വര്‍ഷത്തെ സേവനത്തിനു ശേഷം ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ് ബാലന്‍ പക്ഷേ കര്‍മ്മപദത്തിലെ തന്റെ ഔദ്യോഗിക വിരമിക്കല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല എന്ന് ഉറപ്പിച്ചുപറയുന്നു ഇദ്ദേഹം. ഈ കൊറോണ കാലം കഴിയുന്നതുവരെ സഹപ്രവര്‍ത്തകരോട് ഒന്നിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കണ്ണിയായി ബാലന്‍ ഉണ്ടാകും