'ഗ്രീന്‍ കോന്നി' പദ്ധതി നടപ്പാക്കും: കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

post

പത്തനംതി്ട്ട : കാര്‍ഷിക സമ്പന്നമായ ഭൂപ്രദേശമായി കോന്നിയെ മാറ്റാന്‍ 'ഗ്രീന്‍ കോന്നി' പദ്ധതി നടപ്പാക്കും. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. മേടമാസത്തിലെ പത്താമുദയ ദിവസമായ ഏപ്രില്‍ 23 മുതലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് നിയോജക മണ്ഡലത്തിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും, കൃഷിക്കാരുമായി എംഎല്‍എ ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ നിയോജക മണ്ഡലത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും, ഹരിത കേരള മിഷന്‍ ഉദ്യോഗസ്ഥരുടെയും യോഗം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിയോജക മണ്ഡലമാകെ കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കാര്‍ഷിക മേഖലയില്‍ ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു.

      പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ തരിശുകിടക്കുന്ന ഭൂമി പൂര്‍ണമായും കൃഷി ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഭൂമിയുടെ ഉടമകള്‍ക്ക് ഇവിടങ്ങളില്‍ സബ്സിഡിയോടു കൂടി സ്വന്തമായി കൃഷി ചെയ്യാന്‍ കഴിയും. ഇതിന് താല്‍പര്യമില്ലെങ്കില്‍ ഭൂമി കൃഷിക്കുവേണ്ടി മാത്രം കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഇതര ആളുകള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൈമാറി കൃഷി ചെയ്യിക്കാനുള്ള നടപടി സ്വീകരിക്കും. തരിശുകിടക്കുന്ന വയലുകളില്‍ നെല്‍ക്കൃഷി നടത്താന്‍ നടപടി സ്വീകരിക്കും.

     കപ്പ ഉള്‍പ്പടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍, ഏത്തവാഴ, കുടിവാഴ, ഇഞ്ചി, മഞ്ഞള്‍ കൃഷികള്‍ തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും. എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിര്‍ബന്ധമായും നടപ്പാക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കൃഷി നടത്തണം. ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ കൂട്ടായ്മ ഇതിനായി രൂപീകരിക്കണം. സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ പരിസരങ്ങളിലും കൃഷി നടത്തണം.

       ദേവാലയങ്ങളുടെ പരിസരങ്ങള്‍, സമുദായ സംഘടനാ ഓഫീസ് പരിസരങ്ങള്‍, രാഷ്ടീയ പാര്‍ട്ടി ഓഫീസ് പരിസരങ്ങള്‍, സന്നദ്ധ സംഘടനാ ഓഫീസ് പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും കൃഷി നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. പഞ്ചായത്ത് അ ടിസ്ഥാനത്തില്‍ തരിശുനിലം കണ്ടെത്താന്‍ കൃഷി ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുകയും, അവിടെ കൃഷി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. ഏപ്രില്‍ 25, 26 തീയതികളില്‍ എല്ലാ വീടുകളിലും അടുക്കളത്തോട്ടത്തിനായുള്ള കൃഷി നടത്തും. എല്ലാ വീടുകളിലും പദ്ധതിയുടെ ഭാഗമായി വിത്തുകള്‍ കൃഷി വകുപ്പു വഴി എത്തിക്കും. കൃഷിക്ക് പദ്ധതിയുടെ ഭാഗമായി വോളന്റിയര്‍ സഹായവും നല്‍കും.  പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സമുദായ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ യോഗം ചേരും.

       ഓരോ പഞ്ചായത്തിലും മികച്ച അടുക്കള തോട്ടത്തിനും, മികച്ച ഓഫീസ് തോട്ടത്തിനും ഗ്രീന്‍ കോന്നി പദ്ധതിയുടെ ഭാഗമായി എംഎല്‍എ അവാര്‍ഡ് നല്‍കും. എവിടെയൊക്കെ സ്ഥലം ലഭ്യമാണോ അവിടെയൊക്കെ കൃഷി എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഈ പദ്ധതി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക്  വളരെ സഹായകരമാകുമെന്ന് എംഎല്‍എ പറഞ്ഞു.

       പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 23ന് ഉച്ചയ്ക്ക് രണ്ടിന് വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. വനം വകുപ്പ് വക ഡിഎഫ്ഒ ഓഫീസ് പരിസരത്തുള്ള സ്ഥലത്ത് വനം മന്ത്രി കൃഷി ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നടത്തുന്നത്. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എംഎല്‍എയെ കൂടാതെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.