അടൂരില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ആരംഭിച്ചു; ഇനി 20 രൂപയ്ക്ക് ഊണ്

post

പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബശ്രീയുടെ ആദ്യ ജനകീയ ഹോട്ടല്‍ ഏനാത്ത് ആരംഭിച്ചു. ഏഴംകുളം പഞ്ചായത്തിന്റെ ബസ് ബേ ബില്‍ഡിംഗിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ നാലാമത് ജനകീയ ഹോട്ടലാണ് ഏനാത്തേത്.  ജനകീയ ഹോട്ടലില്‍ നിന്നും ഉച്ച ഊണും പ്രഭാത - സായാഹ്ന ഭക്ഷണവും ലഭിക്കും. ഉച്ച ഊണിന് 20 രൂപയും, പാഴ്സല്‍ ഊണിന് 25 രൂപയും, മീന്‍ സ്പെഷലിന് 30 രൂപയുമാണ് നിരക്ക്.  പ്രഭാതഭക്ഷണം, സായാഹ്ന ഭക്ഷണം, ലഘുഭക്ഷണം, ചായ, കാപ്പി എന്നിവ നിലവിലുള്ള സര്‍ക്കാര്‍ നിരക്കില്‍ ലഭ്യമാണ്. കവിയൂര്‍, ചെന്നീര്‍ക്കര, ആനിക്കാട് എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റു മൂന്ന് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയില്‍ 37 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ അവസാനിച്ചതിനു ശേഷം മറ്റു പഞ്ചായത്തുകളിലായി ബാക്കി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കുടുംബശ്രീ ഗ്രൂപ്പുകളാണ് ഹോട്ടല്‍ നടത്തുന്നത്. ജില്ലാ പഞ്ചായത്തില്‍ നിന്നും 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 20,000 രൂപയും മുടക്കിയാണ് വിവിധ പഞ്ചായത്തുകളിലായി ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നത്. വെള്ളം, വൈദ്യുതി, കെട്ടിടം, ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തും. ജനകീയ ഹോട്ടലിന് കുടുംബശ്രീ ജില്ലാ മിഷന്‍ 50,000 രൂപ അനുവദിക്കും.

മുഖ്യമന്ത്രിയുടെ 12 - ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് ഉടനീളം 1,000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നത്. ഹോട്ടലില്‍ വിതരണം ചെയ്യുന്ന 20 രൂപയുടെ ഓരോ ഊണിനും 10 രൂപ  കുടുംബശ്രീ സബ്‌സിഡി നല്‍കുന്നുണ്ട്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. ലത, വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മഞ്ജു ബിജു, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി. മോഹനന്‍ നായര്‍, അംഗങ്ങളായ സരസ്വതി ഗോപി, സുജാത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, എഡിഎംസി മണികണ്ഠന്‍, എലിസബത്ത് കോച്ചില്‍, എസ്‌സി ബോസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലളിതമ്മാള്‍, അക്കൗണ്ടന്റ് ശ്രീജ, നെടുമണ്‍ ബാങ്ക് പ്രസിഡന്റ് പ്രസന്നകുമാര്‍, അഡ്വ. താജുദീന്‍, ടി. തുളസീധരന്‍ പിളള, വിനോദ് തുണ്ടത്തില്‍, എ. സി. ബോസ് എന്നിവര്‍ പങ്കെടുത്തു.