കോവിഡിന് ഗുഡ്ബൈ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മതിലകം

post

തൃശൂര്‍ : ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ നിന്ന് മതിലകം പഞ്ചായത്ത് ഒഴിവാക്കപ്പെട്ടപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ് മതിലകം നിവാസികള്‍. രാവും പകലും മുഴുവന്‍ സമയ ഡ്യൂട്ടിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പഞ്ചായത്തില്‍നിന്ന് കോവിഡ് ഗുഡ്‌ബൈ പറഞ്ഞ് പോയതെന്ന് അവര്‍ക്കറിയാം. 2020 ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ മതിലകം പഞ്ചായത്തില്‍ സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധയുടെ ഉറവിടമായ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികില്‍സയിലൂടെ രോഗം മാറി. പിന്നെ, മാര്‍ച്ച് 15ന് ഖത്തറില്‍ നിന്ന് എത്തിയ മതിലകം കൂളിമുട്ടം സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നങ്ങോട്ട് വിശ്രമമില്ലാത്ത നാളുകളായിരുന്നു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്.

ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രവും ഏഴ് പ്രാഥമികാരോഗ്യകേന്ദ്രവുമാണുള്ളത്. അതിന് കീഴില്‍ സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും വന്ന് ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പലപ്പോഴും വെള്ളവും ഭക്ഷണവും പോലും മറന്ന് ജോലി ചെയ്തു. സ്വന്തം ജീവന്‍ വരെ റിസ്‌ക്കിലാക്കി നിരീക്ഷണത്തിരിക്കുന്ന രോഗികളെ പരിചരിച്ചു. തീരെ അവശരായ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും കൊടുക്കുമ്പോള്‍ അവരോട് അടുത്ത് ഇടപഴകേണ്ടി വരും. തങ്ങള്‍ക്കും അസുഖം വരാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ നഴ്‌സ്മാര്‍ ഇതൊക്കെ ചെയ്യുന്നത്. ആദ്യമൊക്കെ പ്രവര്‍ത്തനങ്ങളോട് പലരും വിമുഖത കാണിച്ചു. താമസിക്കുന്ന ഇടങ്ങളില്‍ ഒറ്റപ്പെട്ടു. എന്നാല്‍, പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞതോടെ ആളുകള്‍ സഹകരിക്കാന്‍ തുടങ്ങി. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളും അതോടെ ശക്തമായി.

ജില്ലയ്ക്ക് പുറത്തുനിന്ന് വന്ന നഴ്‌സുമാരെ ഇക്കൂട്ടത്തില്‍ പ്രത്യേകം ഓര്‍ക്കണം. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ കൊല്ലം സ്വദേശി മേബിളിന് പറയാനുള്ളതും ഇത്തരത്തില്‍ ഒരു അനുഭവമാണ്. ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ച് ജോലിക്ക് പോയിരുന്ന മേബിള്‍ മെഡിക്കല്‍ സംഘത്തില്‍ അംഗമായതോടെ, താമസസ്ഥലത്തുനിന്ന് വിവേചനം നേരിടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി നല്‍കുകയായിരുന്നുവെന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വനും പറയുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും അവരുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. രണ്ടും മൂന്നും വയസ്സായ കുട്ടികള്‍ മുതല്‍ പ്രായമായ മാതാപിതാക്കള്‍ വരെ ഇവരുടെ വീടുകളില്‍ കാത്തിരിക്കുന്നുണ്ട്. എന്നാലും ഈ പ്രയാസങ്ങള്‍ ഒക്കെ മറികടക്കാന്‍ ഈ കോവിഡ് കാലം തങ്ങളെ പ്രാപ്തരാക്കി എന്ന് ഇവര്‍ ഒന്നടങ്കം അഭിമാനത്തോടെ പറയുന്നു.