കോവിഡ് 19 : ജില്ലയില്‍ ഒരാള്‍ കൂടി പോസിറ്റീവ്

post

കൊല്ലം : പതിനൊന്നു ദിവസങ്ങള്‍ക്കു ശേഷം ജില്ലയില്‍ വീണ്ടും ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ കുമരം കരിക്കം സ്വദേശിയായ 31 കാരനാണ് കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിലെ അതിര്‍ത്തി പ്രദേശമായ പുളിയം കുടിയില്‍ മരണാനന്തര കര്‍മങ്ങളില്‍ സംബന്ധിച്ചതായി തമിഴ്നാട് പൊലീസില്‍ നിന്നും വിവരം ലഭിച്ചിരുന്നു.  ഇതിനെ തുടര്‍ന്ന് ഞായറാഴ്ച തന്നെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച്  സാമ്പിള്‍ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെയും സമ്പര്‍ക്കത്തിലുള്ള ബന്ധുവിനെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

പരിശോധനാ ഫലം പോസിറ്റീവായതിനാല്‍ ഇന്നലെ (ഏപ്രില്‍ 21)  പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മാതാവ് തമിഴ്നാട്ടില്‍ തന്നെയാണ്. ഇവരുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്.  പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റ് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.  നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.