സംസ്ഥാനത്ത് നെല്ലുത്പാദനത്തില്‍ വര്‍ദ്ധനവ്: മന്ത്രി എം എം മണി

post

ഇടുക്കി: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കാര്‍ഷിക രംഗത്ത് മികച്ച ഇടപെടല്‍ നടത്തി വരുന്നതായും സംസ്ഥാനത്ത് നെല്ലുത്പാദനത്തിന്റെ കാര്യത്തില്‍ ലക്ഷക്കണക്കിന് ടണ്ണിന്റെ വര്‍ധനവ് ഉണ്ടായിട്ടുള്ളതായും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി പാടശേഖരത്താണ് വിദ്യാര്‍ത്ഥികള്‍ പുതിയതായി വിത്തിറക്കിയിട്ടുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ നെല്‍കൃഷി പ്രോത്സാഹന പദ്ധതിയായ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി ഇറക്കിയിട്ടുള്ളത്.തരിശായി കിടന്നിരുന്ന രണ്ടര ഏക്കറോളം വരുന്ന വയല്‍ പാട്ടത്തിനെടുത്താണ് കുട്ടികളുടെ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.എസ്എന്‍ഡിപി സ്‌കൂളിലെ എന്‍എസ്എസ്, എസ്പിസി, സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. കൃഷിയുടെ ഭാഗമായുള്ള പദ്ധതി നിര്‍വ്വഹണ രേഖാ പ്രകാശനം അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയന്തി ജെ നിര്‍വ്വഹിച്ചു. കൃഷിക്കാവശ്യമായി വരുന്ന കൂലിച്ചെലവ് വെള്ളത്തൂവല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ ഏറ്റ് വാങ്ങി.കൃഷിയിറക്കാന്‍ ഭൂമി നല്‍കിയ ഭൂവുടമയേയും സ്‌കൂളിലെ കുട്ടിക്കര്‍ഷകനെയും ചടങ്ങില്‍ ആദരിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷിവകുപ്പുദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍, ആനവിരട്ടി പാടശേഖരസമതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.