ദേശീയ സമ്പാദ്യ പദ്ധതി: ജില്ലയില്‍ 255 കോടിയുടെ നിക്ഷേപ സമാഹരണം

post

തൃശ്ശൂര്‍: ദേശീയ സമ്പാദ്യ പദ്ധതി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 255 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി. ജില്ലയിലെ മഹിളാ പ്രധാന്‍, എസ് എ എസ് ഏജന്റുമാരുടെ സംയുക്ത നിക്ഷേപ സമാഹരണമാണിത്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന മഹിളാ പ്രധാന്‍, എസ് എ എസ് ഏജന്റുമാരുടെ ജില്ലാതല വാര്‍ഷിക അവലോകനയോഗത്തില്‍ അറിയിച്ചതാണിത്. 11 കോടി കുറഞ്ഞ ലക്ഷ്യം പറഞ്ഞിടത്ത് 18.5 കോടി സമാഹരിച്ച അന്തിക്കാട് ബ്ലോക്ക് ഏറ്റവും മികച്ച നിക്ഷേപം നടത്തിയ ബ്ലോക്കിനുള്ള പുരസ്‌കാരം നേടി. 

ജില്ലയില്‍ ഏറ്റവും കൂടിയ തുക സമാഹരിച്ച തൈലാംബള്‍ വെങ്കടേശ്വരനാണ് മികച്ച മഹിളാ പ്രധാന്‍ ഏജന്റ്. ജോസ് വി വി ഏറ്റവും കൂടുതല്‍ തുക നിക്ഷേപം സമാഹരിച്ച മികച്ച എസ് എ എസ് ഏജന്റിനുള്ള പുരസ്‌കാരം നേടി. ഇതിനുപുറമെ ജില്ലയിലെ 16 ബ്ലോക്കില്‍ നിന്നുമുള്ള മികച്ച പുതിയ ഏജന്റുമാരേയും ഗ്രോസ് കളക്ഷന്‍ നേടിയ ഏജന്റുമാരേയും യോഗത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 

യോഗം ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. എന്‍ എസ് ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു പി വി അധ്യക്ഷത വഹിച്ചു. ഏജന്റുമാര്‍ക്കായി  മോട്ടിവേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഓറിയന്റേഷന്‍ ക്ലാസ്് എന്‍ എസ് ഡി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ പി നയിച്ചു. ഡയറക്ടര്‍ മനു എസ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ എം, തൃശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് ലോലിത, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അയന പി എന്‍, ഇരിങ്ങാലക്കുട സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് ജിസി ജോര്‍ജ്, വിവിധ എന്‍ എസ് ഡി സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.