പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക പുനരധിവാസ പദ്ധതി

post

എറണാകുളം: നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ NDPREM വായ്പ ലഭിക്കുന്നതിനുള്ള ഏകദിന അര്‍ഹത പരിശോധന ക്യാമ്പും സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് വി.ഡി സതീശന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. 

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരുകള്‍ നേരിടുന്ന വെല്ലുവിളിയും ഉത്തരവാദിത്വവുമാണെന്ന്  അദ്ദേഹം പറഞ്ഞു. സംരംഭങ്ങള്‍ വിജയിക്കണമെങ്കില്‍ സംരംഭകര്‍ നല്ല സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും പൂര്‍ണ്ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണമെന്നും വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വിദേശ തൊഴില്‍ കമ്പോളങ്ങളിലെ അവസ്ഥ ശുഭ സൂചകമല്ലാത്തത്തിനാല്‍ നോര്‍ക്ക നടത്തുന്ന ഇത്തരം പുനരധിവാസം വളരെ ഉചിതവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് ചടങ്ങില്‍  അധ്യക്ഷനായിരുന്ന നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. രാജ്കുമാര്‍ പറഞ്ഞു. 

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. എ. വിദ്യാനന്ദന്‍, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ വി. മഹേഷ്‌കുമാര്‍, പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി. ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ ഡി. ജഗദീശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സി.എം.ഡി. അസ്സോസിയേറ്റ് പ്രൊഫസര്‍ അനില്‍ ജോര്‍ജ്ജ് സംരംഭകത്വ പരിശീലനം നല്‍കി.

പരമാവധി 30 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവുവരുന്ന പദ്ധതിയ്ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ), ആദ്യ നാലു വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക പുനരധിവാസ പദ്ധയിന്‍ കീഴില്‍ ലഭിക്കും. വായ്പാ നിര്‍ണ്ണയ  ക്യാമ്പില്‍ 222  പേര് പങ്കെടുത്തു. അവശ്യ രേഖകളുമായി ഹാജരായ 92 ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തു.