കാട്ടുപാത കടന്നെത്തുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും

post

വയനാട് :  കാട്ടുപാതയിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിയമം ലംഘിച്ച് ആളുകള്‍ ജില്ലയില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചീരാല്‍, നെന്‍മേനി കാട്ടുപാതകളിലൂടെയാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും യാതൊരുവിധ അനുമതിയും ഇല്ലാതെ കടന്ന് വരുന്നത് നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്ര ജീവന് പോലും ഭീഷണിയാണ്. കാട്ടു മൃഗങ്ങളുടെ ആക്രമണത്തിനും ഇടയാകാനുള്ള സാഹചര്യമുണ്ട്.

അയല്‍ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവിടങ്ങളില്‍ നിന്ന് വരുന്നവര്‍ മറ്റുള്ളവരിലേക്കും രോഗം പടര്‍ത്താന്‍ ഇടയാക്കും. ഇത്തരക്കാര്‍ക്കെതിരെ നാട്ടുകാരും ജാഗ്രത പുലര്‍ത്തണം. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ഈടാക്കും. ഇങ്ങനെ പിടിക്കപ്പെടുന്നവരെ നിലവില്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിരീക്ഷണ കാലാവധി കഴിയുന്ന മുറയ്ക്ക് ഇവര്‍ക്ക് നിയമ നടപടി നേരിടേണ്ടി വരും.