കലാ കായിക മേഖലകളെ സമന്വയിപ്പിച്ച് കൊണ്ട് നാടിനെ ലഹരി വിമുക്തമാക്കണം : മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍: നാടിനെ ലഹരി വിമുക്തമാക്കേണ്ടത് കലാ കായിക മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീതീന്‍. 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്‌ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ താഴേതലങ്ങളില്‍ സാംസ്‌കാരികവും കായികവുമായ അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ലഹരിവിമുക്തമെന്ന സംവിധാനം മെച്ചപ്പെടുത്താനാകൂ എന്നും ഇത് കുട്ടികളെ ചിട്ടയായ ജീവിതചര്യയിലേക്ക് വഴിതിരിച്ചു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുകയുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വക്കുന്നത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 1 മുതല്‍ ജനുവരി വരെ 90 ദിവസങ്ങളിലായാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന തലത്തില്‍ 66,32,00,000 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 14 ജില്ലകളിലുമായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുകയും ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റെസിഡന്റ്‌സ് അസ്സോസിയേഷന്‍സ് തുടങ്ങി മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ബോധവത്കരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബദ്ധിച്ച് രാവിലെ തൃശൂര്‍ സ്റ്റുഡന്റ്‌സ് കോര്‍ണറില്‍ നിന്നും ടൗണ്‍ ഹാള്‍ വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 700 ഓളം കോളേജ് തല എന്‍.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി, കേഡറ്റുകളുടെ ബൈക്ക് റാലിയും വാക്കത്തോണും നടന്നു. തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നാടന്‍പാട്ട്, ദഫ് മുട്ട്, ട്രൈബല്‍ ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.എല്‍.എമാരായ മുരളി പെരുനെല്ലി, യു.ആര്‍. പ്രദീപ്, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ആര്‍.സാംബശിവന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സദീഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.വി.വിനീത, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ. സനു സ്വാഗതവും തൃശ്ശൂര്‍ വിമുക്കിവിഷന്‍ മാനേജര്‍ കെ. ജോയ് ജോണ്‍ നന്ദിയും പറഞ്ഞു.