അതിവേഗ സുരക്ഷ: അഗ്‌നിരക്ഷാസേനയ്ക്ക് വാട്ടര്‍ മിസ്റ്റ് ബുളളറ്റ്

post

തൃശൂര്‍ : അതിവേഗ സേവനത്തിന് ഇരിഞ്ഞാലക്കുടയിലെ അഗ്നിരക്ഷാ സേനയ്ക്ക് വാട്ടര്‍ മിസ്റ്റ് ബുളളറ്റ്. ആദ്യ സേവനം ലഭ്യമാക്കിയത് ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനായിരുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഏതു ദുര്‍ഘട സാഹചര്യങ്ങളിലും അഗ്‌നിരക്ഷാ സേനയുടെ സേവനം വേഗത്തില്‍ എത്തിക്കാന്‍ കഴിയുന്ന വാട്ടര്‍ മിസ്റ്റ് ബുള്ളറ്റാണ് കഴിഞ്ഞ മാസം അവസാനത്തോടെ സേനയുടെ ഭാഗമായിരിക്കുന്നത്.

ഇരിഞ്ഞാലക്കുട ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതിനോടകം 50 വാട്ടര്‍ മിസ്റ്റ് ബുളളറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ തീ പിടുത്തം ഉണ്ടാകുമ്പോഴും മറ്റ് അപകടസാഹചര്യങ്ങളിലും ദുര്‍ഘട പാതകളും വീതി കുറഞ്ഞ വഴികളും കടന്ന് സംഭവസ്ഥലത്ത് അതിവേഗത്തിലെത്താന്‍ സാധിക്കും. ഓയില്‍, ഇലക്ട്രിക്കല്‍, ഗ്യാസ് എന്നീ സാഹചര്യങ്ങള്‍ മൂലം ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാന്‍ പ്രാഥമികമായി അതിവേഗത്തില്‍ എത്താവുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് പരീക്ഷണത്തിന് വിധേയമാക്കിയ ശേഷം 500 സി സി ബുള്ളറ്റ് വാട്ടര്‍ മിസ്റ്റ് സൗകര്യങ്ങളോടെ സജ്ജമാക്കിയിരിക്കുന്നത്.

ബുളറ്റ് മോട്ടോര്‍ സൈക്കളിന്റെരണ്ടുവശങ്ങളിലുമുള്ള ടാങ്കുകളില്‍ വെള്ളവും, ഫോം കോംപൗണ്ടും ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. ഉന്നത മര്‍ദ്ദത്തില്‍ അന്തരീക്ഷ വായു ഉപയോഗിച്ച് വെളളത്തെയും ഫോമിനെയും ചെറുകണികകളാക്കിയാണ് തീ അണയ്ക്കുന്നത്. മിസ്റ്റ് രൂപത്തില്‍ വേര്‍തിരിഞ്ഞ കണികകളായി വെള്ളം പുറത്തേക്ക് വരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുന്ന അവസരങ്ങളിലും ഫലപ്രദമായി ഈ സംവിധാനം ഉപയോഗിക്കാനാകും. ഇത് കൂടാതെ ഫസ്റ്റ് എയ്ഡ് ബാേക്സ്, സൈറണ്‍, അനൗണ്‍സ്മെന്റിനുള്ള സൗകര്യം എമര്‍ജന്‍സി ലൈറ്റ് എന്നിവയും വാട്ടര്‍ മിസ്റ്റ് ബുളളറ്റിലുണ്ട്. വാഹനം ലഭിച്ചതിന് പിന്നാലെ കോവിഡ് 19 സാഹചര്യമുണ്ടായതിനാല്‍ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മരുന്നുകള്‍ ലഭിക്കാത്തവര്‍ക്ക് അടിയന്തരമായി മരുന്ന് വിതരണം നടത്തുന്നതിനും ഈ ഈ ബുളളറ്റ് വഴി സാധിക്കുന്നു