പെയ്യുന്ന മഴ പാഴാവില്ല; 2800 ഏക്കറിലെ തിമ്മന്‍ചാല്‍ നീര്‍ത്തട പദ്ധതി നാടിന് സമര്‍പ്പിച്ചു

post

കാസര്‍ഗോഡ്: കാര്‍ഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പനത്തടി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ 2800 ഏക്കറോളം വരുന്ന പ്രദേശത്ത് നടപ്പാക്കിയ തിമ്മന്‍ചാല്‍ നീര്‍ത്തടം മണ്ണ്ജല സംരക്ഷണ പദ്ധതി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. മാനടുക്കം അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ആസ്തി കൈമാറ്റം മന്ത്രി നിര്‍വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി എന്നിവര്‍ പദ്ധതികളുടെ രേഖകള്‍ മന്ത്രിയില്‍ നിന്നും സ്വീകരിച്ചു. പദ്ധതിയോടനുബന്ധിച്ച് തയ്യാറാക്കിയ 'നനവ്' എന്ന സുവനീര്‍ കെ കുഞ്ഞിരാന്‍ എംഎല്‍എ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.

 നബാര്‍ഡിന്റെ സഹായത്തോടെ ആര്‍ഐഡിഎഫ് 19 പദ്ധതിയിലുള്‍പ്പെടുത്തിയാണ് തിമ്മന്‍ചാല്‍ നീര്‍ത്തട പദ്ധതി പൂര്‍ത്തീകരിച്ചത്. കാര്‍ഷിക ഭൂമിയിലെ നീര്‍ത്തടം മണ്ണ്ജലസംരക്ഷണത്തിന്റെ ഭാഗമായി നീര്‍ച്ചാല്‍ സംരക്ഷണം, ചെറുതടയണകള്‍ നിര്‍മ്മിക്കല്‍, കല്ല് കയ്യാല, മണ്ണ് കയ്യാല, തട്ട് തിരിക്കല്‍, മഴക്കുഴി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 241.51 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പനത്തടി പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലും കുറ്റിക്കോല്‍ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലുമായി വ്യാപിച്ചു കിടക്കുന്ന 1165 ഹെക്ടര്‍ (2879 ഏക്കര്‍) പ്രദേശത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. 2014 സെപ്തംബര്‍ 20നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2014 നവംബര്‍ 16ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 960 കര്‍ഷകര്‍ക്ക് നേരിട്ട് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നീര്‍ത്തട പദ്ധതി യാതാര്‍ഥ്യമായതോടെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വര്‍ധിക്കുകയും ഒരു മേഖലയ്ക്ക് ആകമാനം അനുഗ്രഹമാവുകയും ചെയ്യും.  

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ കീഴില്‍ കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസും ഗുണഭോക്തൃകമ്മിറ്റിയും ഒത്തു ചേര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പദ്ധതി പൂര്‍ത്തീകരണം വരെ 55 തവണയാണ് ഗുണഭോക്തൃകമ്മിറ്റി ചേര്‍ന്നത്. ഗുണഭോക്താക്കള്‍ക്കായി വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. പദ്ധതി നിര്‍വ്വഹണത്തിന് പ്രാദേശികമായി 51,000ത്തോളം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. ആകെ അനുവദിച്ച 250 ലക്ഷം രൂപയില്‍ നിന്ന് 241.51 രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എം നാരായണന്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ (കാഞ്ഞങ്ങാട്) കെ ബാലകൃഷ്ണ ആചാര്യ, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാംബിക, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോപിനാഥന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ലത അരവിന്ദന്‍, കാറഡുക്ക ബ്ലോക്ക് അംഗം ലില്ലി തോമസ്, പനത്തടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി മാധവന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശുഭലോഹിതാക്ഷന്‍, പനത്തടി പഞ്ചായത്ത് അംഗങ്ങളായ പി സുകുമാരന്‍, സി ആര്‍ അനൂപ്, ജി ഷാജിലാല്‍, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗങ്ങളായ പി ദാമോദരന്‍, സുനീഷ് ജോസഫ്, നീര്‍ത്തട കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ നായര്‍, കൃഷി ഓഫീസര്‍മാരായ എ വിനോദിനി, രേഷ്മ, പഞ്ചായത്ത് സെക്രട്ടറിമാരായ കെ ബാലകൃഷ്ണന്‍, സി ഭാസ്‌കരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. കര്‍ഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.