ആരോഗ്യ പ്രശ്നമുണ്ടോ? നിര്‍ദേശങ്ങളുമായി ഡോക്ടര്‍ മറുതലയ്ക്കല്‍ കാത്തിരിക്കുന്നു

post

ഇടുക്കി  : ആരോഗ്യ പ്രശ്നമുണ്ടോ? കഴിക്കുന്ന മരുന്നുകളെ കുറിച്ചോ രോഗത്തെ കുറിച്ചോ ഡോക്ടറോടു നിങ്ങള്‍ക്ക് സംസാരിക്കണമോ? താഴെപ്പറയുന്ന നമ്പരുകളില്‍ വിളിക്കൂ....   ടെലി കണ്‍സള്‍ട്ടേഷനുമായി നിര്‍ദേശങ്ങളുമായി ഡോക്ടര്‍ മറുതലയ്ക്കല്‍  കാത്തിരിക്കുന്നു. ആയുര്‍വേദമോ അലോപ്പതിയോ ഹോമിയോപ്പതിയോ, ഏതു ചികിത്സാരീതി തുടരുന്നവരായാലും അതത് ഡോക്ടര്‍മാരുടെ ചികിത്സ ഫോണിലൂടെ ലഭ്യമാക്കുന്നു'ഹലോ ഡോക്ടര്‍ ' പദ്ധതിക്ക്  ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ  പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടറുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന  'ഹലോ ഡോക്ടര്‍ 'പദ്ധതി ഇവിടെ സജ്ജമാക്കിയത്. 

ചെമ്പകപ്പാറ പി.എച്ച്.സി, ഇരട്ടയാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെന്‍സറി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെ  എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ ഫോണില്‍ നേരിട്ട് വിളിക്കാനും രോഗങ്ങള്‍ സംബന്ധിച്ചും മരുന്നുകള്‍ സംബന്ധിച്ചും സംശയങ്ങള്‍ ദൂരീകരിക്കാനും ഇതിലൂടെ സാധിക്കും. കോവിഡ്- 19 നെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ചെന്നുപ്പാര പി എച്ച് സി യില്‍ ടെലി കൗണ്‍സിലിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഫോണും സിമ്മും ഗ്രാമ പഞ്ചായത്ത് ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കി. ഹലോ ഡോക്ടര്‍ ടെലി കണ്‍സള്‍ട്ടേഷന്‍ പരിപാടിയുടെ ഉദ്ഘാടനംചെമ്പകപ്പാറ പിഎച്ച്സിയില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, ഡോ.ജെ.എം.വൈശാഖിന് ഫോണ്‍ കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട, പഞ്ചായത്തംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, കെ. ഡി. രാജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്‍സി വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു. ഹലോ ഡോക്ടര്‍ പദ്ധതിയിലേക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍: ഡോ.ജെ.എം.വൈശാഖ് - 6235 874342 (ചെമ്പകപ്പാറ പിഎച്ച് സി),  ഡോ.ജിനേഷ് മേനോന്‍ - 9496349507 (ഗവ.ആയുര്‍വേദ ആശുപത്രി),  ഡോ. സൗമ്യ - 9526434307 ഗവ. ഹോമിയോ ഡിസ്പെന്‍സറി ഈട്ടിത്തോപ്പ്.