'ഹലോ ഡോക്ടര്‍ ' പദ്ധതിയുമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്

post

ഇടുക്കി : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ  പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടറുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് 'ഹലോ ഡോക്ടര്‍ '. ചെമ്പകപ്പാറ പി.എച്ച്.സി, ഇരട്ടയാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെ  എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ ഫോണില്‍ നേരിട്ട് വിളിക്കാനും രോഗങ്ങള്‍ സംബന്ധിച്ചും മരുന്നുകള്‍ സംബന്ധിച്ചും സംശയങ്ങള്‍ ദൂരീകരിക്കാനും സാധിക്കും.

ഒന്നാം ഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചെമ്പകപ്പാറ പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, മറ്റ് ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്ന് വീടുകളിലെത്തിക്കുന്ന ' കരുതല്‍' പദ്ധതി മാര്‍ച്ച് 27 ന് ആരംഭിച്ചിരുന്നു. അതിന്റെ രണ്ടാം ഘട്ടമെന്ന  നിലയിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ഹലോ ഡോക്ടര്‍ ' പദ്ധതിയും നടപ്പാക്കുന്നത്. കോവിഡ്- 19 നെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ചെമ്പകപ്പാറ പി എച്ച് സി യില്‍ ടെലി കൗണ്‍സിലിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹലോ ഡോക്ടര്‍ ടെലി കണ്‍സള്‍ട്ടേഷന്‍ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് ( 18/4/20) രാവിലെ 11 മണിക്ക്   ചെമ്പകപ്പാറ പിഎച്ച്‌സിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് നിര്‍വ്വഹിക്കും. ഹലോ ഡോക്ടര്‍ പദ്ധതിയിലേക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍:

ഡോ.ജെ.എം.വൈശാഖ് - 6235 874342 (ചെമ്പകപ്പാറ പിഎച്ച് സി), ഡോ.ജിനേഷ് മേനോന്‍ - 9496349507 (ഗവ.ആയുര്‍വേദ ആശുപത്രി) ,ഡോ. സൗമ്യ - 9526434307 ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഈട്ടിത്തോപ്പ്.