പെൻഷൻ പണം ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി അമ്മമാർ

post

തൃശ്ശൂര്‍: പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി രണ്ട് അമ്മമാർ. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ലീലയും തെക്കൂട്ട് സതി ചന്ദ്രനുമാണ് തങ്ങൾക്ക് കിട്ടിയ ക്ഷേമ പെൻഷൻ സർക്കാരിന് തന്നെ തിരിച്ചു നൽകി മാതൃകയായത്. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിയും വിശാഖപട്ടണത്തിൽ ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനുമായ ലെനിൻ തന്റെ പണി പൂർത്തിയായ പുതിയ വീട് ക്വറന്റൈൻ കേന്ദ്രമാക്കി വിട്ട് നൽകാൻ തീരുമാനിച്ചിരുന്നു. ലെനിന്റെ അയൽവാസികളാണ് ലീലയും സതിയും. വീട് കാണാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ എത്തിയപ്പോഴാണ് അമ്മമാർ പെൻഷൻ തുകയുമായി എംഎൽഎയെ സമീപിച്ചത്.
ലീല തന്റെ വിധവ പെൻഷനും, സതി തന്റെ വാർദ്ധക്യ പെൻഷനുമാണ് കൈമാറിയത്. ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി ബാബു, പഞ്ചായത്ത് അംഗങ്ങളായ വിനയൻ, എം ആർ ജോഷി തുടങ്ങിയവർ എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.