ഭക്ഷ്യക്കിറ്റ് വിതരണത്തില്‍ സപ്ലൈക്കോയ്ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാ മിഷന്‍

post

പത്തനംതിട്ട : ജില്ലയില്‍ സപ്ലൈക്കോയുടെ വിവിധ ഡിപ്പോകളില്‍ ഭക്ഷ്യക്കിറ്റ് പായ്ക്ക് ചെയുന്നതിലും ഇതിനാവശ്യമായ തുണിസഞ്ചികള്‍ നിര്‍മിച്ചുനല്‍കുന്നതിലും പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കാളിത്തം ശ്രദ്ധേയമാകുകയാണ്. 250 കുടുംബശ്രീ പ്രവര്‍ത്തകരാണു പത്തനംതിട്ട ജില്ലയില്‍ സപ്ലൈക്കോയുടെ വിവിധ ഡിപ്പോകളിലായി ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതില്‍ സജീവമായിട്ടുള്ളത്. 

മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, കുളനട, ഓമല്ലൂര്‍, കോഴഞ്ചേരി, ആന്മുള,  ചെന്നീര്‍ക്കര, നാരങ്ങാനം, പത്തനംതിട്ട നഗരസഭ, കോന്നി, അരുവാപ്പുലം, പ്രമാടം, മലയാലപ്പുഴ, തണ്ണിത്തോട് എന്നിങ്ങനെ ജില്ലയില്‍ പതിനഞ്ച് പഞ്ചായത്തുകളിലായി പതിനാറ്  സപ്ലൈക്കോ ഡിപ്പോകളാണുള്ളത്. സൗജന്യഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനു വേണ്ടി 250 കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ഈ ഡിപ്പോകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ഓരോ പ്രദേശത്തേക്കും ആവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സപ്ലൈക്കോ അതത് പ്രദേശത്തുള്ള ഡിപ്പോകളിലേക്ക്  എത്തിക്കും. ഇതില്‍ നിന്നും അധികൃതരുടെ നിര്‍ദേശപ്രകാരം ആവശ്യമായ അളവുകളില്‍ ഉല്‍പന്നങ്ങള്‍ കിറ്റുകളിലാക്കുകയും ഉല്‍പന്നങ്ങളെല്ലാം ഉറപ്പുവരുത്തുകയും ചെയ്യുന്നു. സണ്‍ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉപ്പ്(ഒരു കിലോ), വെളിച്ചെണ്ണ(അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), ചെറു പയര്‍(ഒരു കിലോ), കടല(ഒരു കിലോ), പഞ്ചസാര (ഒരു കിലോ), ഉഴുന്നു പരിപ്പ് (ഒരു കിലോ), സാമ്പാര്‍ പരിപ്പ് (കാല്‍ കിലോ),  തേയില (250 ഗ്രാം), മുളകു പൊടി (100 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), മല്ലിപ്പൊടി(100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (2 എണ്ണം)  എന്നിങ്ങനെ 17 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിതരണത്തിനു തയ്യാറാക്കുന്നത്. എല്ലാ ഡിപ്പോകളിലുമായി ഇതുവരെ 10,000 കിറ്റുകള്‍ വിതരണത്തിനായി തയ്യാറാക്കി കഴിഞ്ഞു. 

ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിറയ്ക്കുന്നതിനാവശ്യമായ തുണിസഞ്ചി സപ്ലൈക്കോയുടെ ഡിപ്പോകള്‍ക്കു വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറും കുടുംബശ്രീക്കു ലഭിച്ചിട്ടുണ്ട്. തിരുവല്ല, പറക്കോട് ഡിപ്പോകളിലേക്ക് 50,000 തുണിസഞ്ചികള്‍ക്കുള്ള ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്.  ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള 30 തയ്യല്‍ യൂണിറ്റുകളാണു തുണിസഞ്ചി നിര്‍മിക്കുക. സപ്ലൈക്കോയുടെ ഓര്‍ഡര്‍ ലഭിച്ചശേഷം 6000 തുണിസഞ്ചികള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നും ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.