കോവിഡ് ചികിത്സ; 'കോട്ടയം ടച്ച് ' ഇനി കാസര്‍കോട്ടും

post

കോട്ടയം : കൊറോണ ചികിത്സയിലും പ്രതിരോധത്തിലും മികവു തെളിയിച്ച കോട്ടയം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇനി കാസര്‍കോട്ടും. 93 വയസുകാരന്‍ ഉള്‍പ്പെടെ രോഗവിമുക്തി നേടിയ അഞ്ചു പേരുടെ ചികിത്സയില്‍ പങ്കാളികളായ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ സംഘം കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ഇന്നു രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു.
അനസ്‌തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്‌പെഷ്യാലിറ്റികളില്‍നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്‌സുമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.
അനസ്‌തേഷ്യോളജി, ഇ.എന്‍.ടി, പള്‍മണോളജി, ശിശുരോഗ ചികിത്സ, സര്‍ജറി, ത്വക്ക് രോഗ ചികിത്സ എന്നീ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ സംഘത്തിന് യാത്രയയപ്പ് നല്‍കി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ജിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.