ചിക്കന്‍പോക്‌സ്: ജാഗ്രത പാലിക്കണം

post

മലപ്പുറം: ചിക്കന്‍പോക്‌സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങള്‍ ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. ചുമയ്ക്കുമ്പോള്‍ രോഗിയുമായി അടുത്തിടപഴകുമ്പോഴും വൈറസുകള്‍ മറ്റുള്ളവരിലേക്ക് പ്രവേശിച്ച് രോഗബാധയുണ്ടാകാം. 

വായും, മൂക്കും തൂവാലകൊണ്ട് പൊത്തിപ്പിടിക്കുക. കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുവിമുക്തമാക്കുക. രോഗിയ്ക്ക് വായു സഞ്ചാരമുള്ള മുറി നല്‍കുക, മരുന്നിനൊപ്പം പൂര്‍ണ്ണ വിശ്രമം, പോഷാകാഹാരവും പഴങ്ങളും, വെള്ളവും നല്‍കുക. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പോകുന്ന കുട്ടികള്‍ അസുഖം മാറി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്‌കൂളുകളില്‍ പോകുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കള്‍ ഓഫീസര്‍ അറിയിച്ചു.