അനാവശ്യമായി പുറത്ത് കറങ്ങി നടന്നാല്‍ ഇനി പണമടച്ച് വീഡിയോ കണ്ട് വീട്ടിലേക്ക് തന്നെ മടങ്ങാം

post

മലപ്പുറം:  കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ മലപ്പുറം പൊലീസ് ഇനി സ്നേഹപൂര്‍വ്വം അരികിലേക്ക് വിളിക്കും. വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്‌ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോകും. കോവിഡ് 19 എന്ന ലോക ഭീഷണിയെന്താണെന്ന് വെളിവാക്കുന്ന വീഡിയോകള്‍ കാണിച്ചുകൊടുക്കും. വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണമായും മനസിലാക്കിക്കഴിയുമ്പോള്‍ പിഴയൊടുക്കി രസീതും കൈപ്പറ്റി വീട്ടിലേക്കു മടങ്ങാം. 

ലോക് ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഇല്ലാതാക്കുന്നതിനായാണ് പൊലീസിന്റെ വ്യത്യസ്തമായ ഈ പദ്ധതി. മലപ്പുറം കുന്നുമ്മലില്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം സി.ഐ എ. പ്രേംജിത്, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. കോവിഡിനെ തുടര്‍ന്ന് നിരോധനാജ്ഞയും ലോക് ഡൗണും നിലവില്‍ വന്നിട്ടും മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കാര്യങ്ങള്‍ പറഞ്ഞു 'മനസ്സിലാക്കുകയാണ്' വീഡിയോ പ്രദര്‍ശനത്തിലൂടെ മലപ്പുറം പോലീസ്.