ജീവനി സഞ്ജീവനി: പച്ചക്കറിയുമായി ഗ്രാമങ്ങളില്‍ പ്രത്യേക വാഹനമെത്തും

post

വയനാട്: കോവിഡ് കാലത്ത് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി വീണ്ടും കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍. ജീവനി  സഞ്ജീവനി, കര്‍ഷകര്‍ക്കൊരു കൈത്താങ് എന്ന പേരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പ്രത്യേക പച്ചക്കറി വണ്ടികള്‍ ഗ്രാമങ്ങളിലേക്ക് ഓടിത്തുടങ്ങി.  കളക്‌ട്രേറ്റില്‍ നടന്ന ആദ്യ വിതരണം സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. ശാന്തി, എ.ഡി.എ. അജയ് അലക്‌സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജില്ലയില്‍ നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് വാഹനത്തില്‍ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. ഉപഭോക്തക്കള്‍ക്ക് വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുളള സൗകര്യത്തോടൊപ്പം  നിശ്ചിത അളവില്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കഴിയും. വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെയും  വാങ്ങുന്ന സാധനങ്ങളുടെയും വില നിലവാരം ജില്ലാഭരണകൂടം മൂന്നുദിവസം കൂടുമ്പോള്‍ നിശ്ചയിക്കും. ജില്ലാ ഭരണകൂടത്തിന് എന്റെ സന്നദ്ധസേന-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരാണ്  സഞ്ജീവനി പച്ചക്കറി വണ്ടിയില്‍ ഉണ്ടാവുക. അതാതു പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളുടെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും വാട്‌സാപ്പ് കൂട്ടായ്മ വഴി  വാഹനം എത്തുന്ന സ്ഥലവും  വാഹനത്തിലുള്ള ഉല്‍പന്നങ്ങളുടെ പേരുവിവരവും വിലനിലവാരവും പൊതുജനങ്ങളെ അറിയിക്കും. www.foodcare.in എന്ന പോര്‍ട്ടല്‍ വഴിയും  സാധനങ്ങള്‍ ബുക്ക് ചെയ്യാം. സഞ്ജീവനി വാഹനം ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ പണം നല്‍കി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വാങ്ങാം. വാഹനങ്ങള്‍ ഗ്രാമങ്ങളില്‍ എത്തുന്ന സ്ഥലം, സമയം, ഉല്‍പ്പന്നത്തിന്റെ വില എന്നിവ  അക്ഷയ സംരംഭകര്‍ വഴിയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയും  വാട്‌സ്ആപ്പ് സന്ദേശമായി ജനങ്ങളിലെത്തിക്കും.

ആറ് കേന്ദ്രങ്ങളില്‍  നാട്ടുചന്തകള്‍

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍  നാട്ടുചന്ത നടത്തും. ഞായറാഴ്ച  മുതല്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണി വരെ  പുല്‍പ്പള്ളി,  ബത്തേരി, മീനങ്ങാടി,പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് നാട്ടുചന്ത നടത്തുന്നത്. ആവശ്യക്കാര്‍ക്ക് മൊത്തമായും ചില്ലറയായും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക്: 9656347995, 9074026265, 7356166881, 9656224271, 9656495737.