വിഷു വിപണിയിലേക്കായി വിളയിച്ച പച്ചക്കറികള്‍ സമൂഹ അടുക്കളകളിലെത്തിച്ച് കുടുംബശ്രീ

post

കാസര്‍കോട്  : സ്ത്രീ ശാക്തീകണരംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളത്തിന്റെ കുടുംബശ്രീ. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ ചുമതലകള്‍ ഭംഗിയായി നിറവേറ്റുകയാണ് കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍. സാധ്യാമാകുന്ന ഇടങ്ങളിലെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ക്ക് രൂപം നല്‍കിയപ്പോള്‍, അവിടെ ഭക്ഷണ നിര്‍മ്മാണത്തിനും വിതരണത്തിനും മുന്‍കൈയെടുത്ത് എത്തിയത് കുടുംബശ്രീ അംഗങ്ങളായിരുന്നു. പല പഞ്ചായത്തുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വന്നിരുന്ന ക്യാന്റീനുകള്‍ കമ്മ്യൂണിറ്റി കിച്ചണുകളായി മാറി. 

അടുക്കളയിലേക്ക് പറമ്പിലെ പച്ചക്കറികള്‍

കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ പുരയിടങ്ങളിലും നാട്ടിന്‍പുറങ്ങളിലുമായി കൃഷി ചെയ്ത് വിളയിച്ച ജൈവ പച്ചക്കറികള്‍ സമൂഹ അടുക്കളകളിലേക്ക് എത്തുകയാണ്. വിഷു വിപണി മുന്നില്‍കണ്ട് വിളയിച്ച വെള്ളരിയും ചീരയും മത്തനുമെല്ലാം സൗജന്യമായി അടുക്കളകളിലേക്ക് എത്തിക്കുകയാണ് ഈ അമ്മമാര്‍. പച്ചക്കറികള്‍ മുതല്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്നതിനുള്ള വാഴ ഇലകള്‍ വരെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ അടുക്കളകളിലേക്ക് എത്തിക്കുകയാണ്. ഓരോ ദിവസവും ഇവര്‍ നല്‍കുന്ന സ്നേഹത്തില്‍ പൊതിഞ്ഞ പൊതിച്ചോറുകള്‍ ഉണ്ട് വിശപ്പ് മാറ്റുന്നത് ജില്ലയിലെ 13000 ആളുകളാണ്. ഉച്ച ഭക്ഷണം മാത്രം നല്‍കുന്ന അടുക്കളകളും, മൂന്ന് നേരവും ഭക്ഷണം വിതരണം ചെയ്യുന്ന അടുക്കളകളുമെല്ലാമുണ്ട് കാസര്‍കോട് ജില്ലയില്‍. ജില്ലയില്‍ 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി ആകെ 55 കമ്മ്യൂണിറ്റി കിച്ചണുകളില്‍ 88 കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

ജില്ലയില്‍ 58000 മാസ്‌കുകള്‍ വിതരണം ചെയ്ത് കുടുംബശ്രീ

കോവിഡ് 19 വ്യാപനം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ മുഴുകിയിരുന്നു. എല്ലാ പഞ്ചായത്തുകളിലും കുടംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം തുടരുകയാണ്. ജില്ലയിലെ മാസ്‌ക് ക്ഷാമം കുറക്കാന്‍ ഒരു പരിധിവരെ കാണമായത് കുടുംബശ്രീയുടെ മാസ്‌ക് വിതരണമാണ്. ജില്ലാ മിഷനില്‍ ലഭിച്ച ഓര്‍ഡറുകളുടെ അടിസ്ഥാനത്തിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ എത്തിക്കുന്നതിനും കുടുംബശ്രീ മുന്നില്‍ നിന്നു. ചെങ്കളയില്‍ പ്രവര്‍ത്തിക്കുന്ന കുടുബശ്രീ യൂണിറ്റില്‍ നിന്നും 606 ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 

സൗജന്യ കിറ്റ് പാക്കിങിനും കുടുംബശ്രീ

അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളുടെ വിതരണം റേഷന്‍ ഷോപ്പുകളിലൂടെ ആരംഭിച്ചപ്പോള്‍ പാക്കിങിനായി സപ്ലൈകോയെ സഹായിച്ചതും കുടുംബശ്രീ അംഗങ്ങളാണ്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ അവശ്യ സാധനങ്ങളുടെ പാക്കിങ്ങിനായി 79 കുടുംബശ്രീ അംഗങ്ങളാണ് രംഗത്തെത്തിയത്.  കോവിഡ് 19 വ്യാപനം വിവിധ മേഖലകളെ എന്നപോലെ കുടുംബശ്രീ സംരംഭങ്ങളെയും ബാധിച്ചിട്ടുണ്ട്. അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകളായ ന്യൂട്രിമില്‍ക്സ് ഷോപ്പുകള്‍ മാത്രമാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കുമൊപ്പം കരുത്തായി പ്രവര്‍ത്തിക്കുകയാണ് ഈ അമ്മമാര്‍.