ഉറക്കമില്ലാതെ പരിശോധന;ഏറ്റുമാനൂരില്‍ 2500 കിലോ പഴകിയ മത്സ്യം പിടികൂടി

post

ഉറക്കമില്ലാതെ പരിശോധന;ഏറ്റുമാനൂരില്‍  2500 കിലോ പഴകിയ മത്സ്യം  പിടികൂടി

 കോട്ടയം : ലോക് ഡൗണിന്റെ മറവില്‍  പഴകിയ മത്സ്യം വില്‍ക്കാനുള്ള കച്ചവടക്കാരുടെ നീക്കം ഉദ്യോഗസ്ഥരുടെ രാപ്പകല്‍  ജാഗ്രതയില്‍ വീണ്ടും പരാജയപ്പെട്ടു.ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഊര്‍ജ്ജിതമാക്കിയ പരിശോധനയില്‍ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്നു  ദിവസങ്ങളില്‍ 3600 കിലോയോളം പഴകിയ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.വ്യാഴാഴ്ച്ച(ഏപ്രില്‍ 9) പുലര്‍ച്ചെ   ഏറ്റുമാനൂര്‍, വൈക്കം,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ഫിഷറീസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തിയത്.

തമിഴ് നാട്ടില്‍ നിന്ന് മിനി ലോറികളില്‍ എത്തിച്ച 2500 കിലോ പഴകിയ മത്സ്യം പുലര്‍ച്ചെ ഒരു മണിക്ക് ഏറ്റുമാനൂരില്‍ പിടികൂടി. മോത, കേര മീനുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മീന്‍ പുറത്തെടുത്തപ്പോള്‍തന്നെ പഴക്കം വ്യക്തമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂടിക്കെട്ടിയ ലോറികളില്‍ മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളില്ലായിരുന്നെന്ന്  കോട്ടയം തഹസില്‍ദാര്‍   പി.ജി രാജേന്ദ്ര ബാബു പറഞ്ഞു. മുഴുവന്‍ മത്സ്യവും നഗരസഭയുടെ നേതൃത്വത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടതിനു ശേഷം കുഴിച്ചുമൂടി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ നിമ്മി അഗസ്റ്റിന്‍, ഡോ. തെരസിലിന്‍ ലൂയിസ്, ഫിഷറീസ് ഉദ്യോഗസ്ഥ പ്രീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  പി.കെ. ബിന്‍ എന്നിവരാണ്  പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍   പാലാ,  കോട്ടയം ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍  വെച്ച് 1100 കിലോയോളം പഴകിയ മത്സ്യമാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്.