സ്വീകരണത്തിന് പ്രഫഷണലുകളും

post

കാസര്‍ഗോഡ്: വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലേക്ക് വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് അണിയറയില്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്നത്. കലോത്സവ നഗരിയിലെത്തുന്നവരെ സ്വീകരിക്കാന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി ഡി യു ജി കെ വൈ) പദ്ധതി പ്രകാരം കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തുന്ന പ്രഫഷണല്‍ വിദ്യാര്‍ത്ഥികളും തയ്യാറായി. പെരിയ എസ്എന്‍ കോളേജ്, സംവിത് ചുള്ളിക്കര, ഓറിയോണ്‍ നീലേശ്വരം എന്നീ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തുന്ന 120 ഓളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തിനും ഭക്ഷണശാലകളിലും അതിഥികളെ സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങുക. ഇതു കൂടാതെ ഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും അതിഥികള്‍ക്ക് സഹായ ഹസ്തവുമായി ഇവരെത്തും. കൊവ്വല്‍ പള്ളിയിലെ പ്രധാന ഭക്ഷണശാലയിലും മത്സരങ്ങള്‍ അരങ്ങേറുന്ന 28 വേദികളുടെ പരിസരങ്ങളിലും സമീപങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലൊരുക്കുന്ന ഭക്ഷണകേന്ദ്രങ്ങളിലുമായിരിക്കും ഇവര്‍ സേവനമനുഷ്ഠിക്കുക. ഷിഫ്റ്റ് വ്യവസ്ഥയില്‍ കലോത്സവത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ടാവും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയാണ് ഡി ഡി യു ജി കെ വൈ.