ജീവനി -സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ചിന് തുടക്കമായി

post

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും കൃഷി വകുപ്പും അഗ്രോ സര്‍വീസ് സെന്ററും.  കര്‍ഷകരെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനായി ജീവനി -സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ചിന് തുടക്കം കുറിച്ചു. പൈനാപ്പിള്‍ ചലഞ്ചിന്റെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ പൈനാപ്പിള്‍ ഏറ്റുവാങ്ങി.   

കോവിഡ്-19 കാരണം വിളവെടുപ്പിനു പാകമായ പൈനാപ്പിളിനു വിപണി കണ്ടെത്താന്‍ കൃഷിക്കാര്‍ നന്നേ പാടുപെടുന്നതു കണക്കിലെടുത്താണു പൈനാപ്പിള്‍ ചലഞ്ച് തുടങ്ങിയത്. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് ഏറ്റവുമധികം പൈനാപ്പിള്‍ കൃഷിക്കാരുള്ളത്. ഫ്‌ളാറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, വ്യക്തികള്‍, സംഘടനകള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങിയവര്‍ക്ക് എ ഗ്രേഡ് പൈനാപ്പില്‍ കിലോയ്ക്ക് 20 രൂപ ക്രമത്തില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നതാണ് ചലഞ്ച്. ഒരു ഓര്‍ഡറില്‍ കുറഞ്ഞത് 100 കിലോഗ്രാം വേണം. ഏപ്രില്‍ 10 വരെ ഓര്‍ഡര്‍ സ്വീകരിക്കുകയും ഏപ്രില്‍ 11 മുതല്‍ വിതരണം തുടങ്ങുകയും ചെയ്യും. ചലഞ്ച് ജില്ല മുഴുവന്‍ നടപ്പാക്കാനാണ് കൃഷി വകുപ്പ് തയാറായിരിക്കുന്നത്. കൃഷി വകുപ്പിന്റെ വാഹനത്തിലാണ് പൈനാപ്പിള്‍ വിതരണം.

    ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൂയിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

    ഏപ്രില്‍ 13 നകം വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പൈനാപ്പിള്‍ ലഭ്യത അറിയിക്കാവുന്നതാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചലഞ്ചില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9946673990, 9961200145, 9495734107, 9446340941, 9995089155, 9539003848.

പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം; ഒരു ടണ്‍ പൈനാപ്പിള്‍ വൈഎംസിഎ ഏറ്റെടുത്തു  

കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ ഭരണകൂടവും കൃഷിവകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി ആവിഷ്‌കരിച്ച പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം. ഇതിന്റെ ഭാഗമായി  കൈതച്ചക്കയുടെ വിതരണോദ്ഘാടനം തിരുവല്ല വൈ.എം.സി.എ യില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.  വൈ എം സി എ പ്രസിഡന്റ് പ്രൊഫ. ഇ.വി തോമസ്  എം.എല്‍ എയില്‍ നിന്നും പൈനാപ്പിളുകള്‍ സ്വീകരിച്ചു.  ഒരു ടണ്‍ പൈനാപ്പിളാണ് അംഗങ്ങള്‍ക്കായി തിരുവല്ല വൈഎംസിഎ ഏറ്റെടുത്തത്. ഈ ചലഞ്ചിലൂടെ ഇതുവരെ ജില്ലയില്‍ 10 ടണ്‍ പൈനാപ്പിളിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ചന്ദ്രശേഖരന്‍ അറിയിച്ചു.