കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം

post

തിരുവനന്തപുരം : കലാകാരന്‍മാരെ സഹായിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം പേര്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1000 രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്കാണ് ധനസഹായം. ഇതിനായി മൂന്നുകോടി രൂപ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ചെലവഴിക്കും.  നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണിത്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍മൂലം പ്രയാസത്തിലായ 20,000ത്തോളം വരുന്ന കലാകാരന്‍മാര്‍ക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച 2020-21ലെ തുകയുടെ 25 ശതമാനമായ 6.75 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുക.

പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികള്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് 1000 രൂപ വീതം നല്‍കും. സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കാന്‍ 8.53 ലക്ഷം രൂപ അനുവദിച്ചു. ആധാരമെഴുത്ത്, കൈപ്പട, വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധിയില്‍നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 3000 രൂപ ധനസഹായം വിതരണം തുടങ്ങി.

സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വൈദ്യുതി ബോര്‍ഡിനു നല്‍കുന്ന പോസ്റ്റുകളുടെ വാടകയില്‍ ഇളവുകള്‍ക്ക് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക പലിശരഹിതമായി അടയ്ക്കാന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കാമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥിരം കാറ്ററിങ് സംഘങ്ങളില്‍ വിളമ്പുകാരായും പാചക സഹായികളായും തൊഴിലെടുക്കുന്ന മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് വരുമാനമില്ലാതായി. ഫോട്ടോ-വീഡിയോ ഗ്രാഫര്‍മാര്‍, തെങ്ങു-പന കയറ്റ തൊഴിലാളികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകളിലെയും മറ്റും ജീവനക്കാര്‍- ഇവരൊക്കെ ലോക്ക്ഡൗണ്‍ കാലത്തെ പ്രയാസങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ക്ഷേമനിധി ഉള്ള മേഖലകളില്‍ അതു മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്.

ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് അവശ്യംവേണ്ട സൗകര്യങ്ങള്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.