കരാറുകാരില്ലാത്ത മറുനാടന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി വില്ലേജ് അധികൃതര്‍

post

ഇടുക്കി : കരാറുകാരില്ലാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊടുപുഴയിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊടുപുഴ വില്ലേജ് ഓഫീസിന്റെ നേതൃത്വത്തില്‍ അരി വിതരണം ചെയ്തു. 13 ക്യാമ്പുകളിലായി താമസിക്കുന്ന 750 പേര്‍ക്കും രണ്ട് കുടുംബങ്ങള്‍ക്കുമാണ് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കിയ അരി എത്തിച്ച് നല്‍കിയത്. ഓരോരുത്തര്‍ക്കും അഞ്ച് കിലോ വീതം 75 ചാക്ക് അരിയാണ് വിതരണം ചെയ്തത്. താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ എത്തിച്ച് നല്‍കിയ അരി മാത്രമേ ഏതാനും ചില ക്യാമ്പുകളില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. തൊടുപുഴ നഗരസഭാ തൊഴിലാളികളുടെ സഹായത്തോടെ നഗരസഭയുടെ തന്നെ ലോറിയില്‍ ഓരോ ക്യാമ്പുകളിലും അരി എത്തിച്ച് നല്‍കുകയായിരുന്നു. വില്ലജ് ഓഫീസര്‍ ഹോര്‍മിസ് കുരുവിളയുടെ നേതൃത്വത്തില്‍ വില്ലേജിലെ എല്ലാ ജീവനക്കാരും വിതരണത്തില്‍ പങ്കാളികളായി.