'അക്ഷരവൃക്ഷം' പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സര്‍ഗാത്മക രചനകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്‌കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിര്‍ത്താന്‍ എല്ലാ കുട്ടികളും  ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍   സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ കൈറ്റ് തയ്യാറാക്കിയ 'സ്‌കൂള്‍ വിക്കി'  (www.schoolwiki.in) പോര്‍ട്ടലില്‍ ലഭ്യമാക്കും. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആര്‍.ടി പുസ്തകമായി പ്രസിദ്ധീകരിക്കും.

ക്ലാസ് അധ്യാപകര്‍ക്ക് ഏപ്രില്‍ 20ന്  മുന്‍പ് രചനകള്‍ നല്‍കണം.  പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കുട്ടികളെ ഓണ്‍ലൈനിലും (ഇമെയില്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍) അറിയിക്കണം. രചനകള്‍ പ്രഥമാധ്യാപകന്റെ നേത്യത്വത്തില്‍ പരിശോധിച്ച്  സ്‌കൂള്‍ വിക്കിയിലെ അതത് സ്‌കൂളിന്റെ ലോഗിന്‍ ഉപയോഗിച്ച്  അപ്ലോഡ് ചെയ്യണം. പ്രഥമാധ്യാപകര്‍ക്ക് സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡല്‍ ഓഫീസര്‍മാരാക്കാം.

അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മോണിട്ടര്‍ ചെയ്യണമെന്നും  കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍     നിര്‍ദ്ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ഡി ജി ഇ കെ ജീവന്‍ബാബു പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.സ്‌കൂള്‍ വിക്കിയില്‍ രചനകള്‍ പ്രസിദ്ധപ്പെടുതിനുള്ള സഹായ ഫയലുകളും വീഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചതിനു പുറമെ  എല്ലാ ജില്ലകളിലും പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുകളും 'അക്ഷരവൃക്ഷം' പദ്ധതിക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു