കോവിഡ് 19 : ലാഭം ദുരിതാശ്വാസ നിധിക്ക് : നന്മയുടെ പ്രതീകമായി ശ്രീകൃഷ്ണ സ്റ്റോര്‍

post

കൊല്ലം : ശ്രീകൃഷ്ണ സ്റ്റോറും ഉടമ ഗോപകുമാറുമാണ് ഇന്ന് മാടന്‍നട ആദിക്കാട്ട് നാട്ടിന്‍പുറത്തെ താരങ്ങള്‍.  അരിയും പലവ്യഞ്ജനങ്ങളും ബേക്കറി സാധനങ്ങളുമൊക്കെ വില്ക്കുന്ന സ്റ്റോറിലെ നാല് ദിവസത്തെ വില്പന ലാഭമായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഗോപകുമാര്‍.

എന്നാല്‍ കഴിയും വിധം ഞാനും എന്ന തലക്കെട്ടുള്ള പോസ്റ്റര്‍ കടയില്‍ പതിച്ചിട്ടുണ്ട്. ലാഭം സി എം ഡി ആര്‍ എഫിലേക്കാണെന്ന അറിയിപ്പും ഉണ്ട്. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് പ്രചോദമാകട്ടെ എന്നാണ് സീരിയലിലും പരസ്യ ചിത്രങ്ങളിലും അഭിനേതാവ് കൂടിയായ ഗോപകുമാര്‍ പറയുന്നത്.  പൊതുപ്രവര്‍ത്തനത്തിലും സജീവമായ ഗോപന്‍ പ്രദേശത്തെ നിര്‍ധനരുടെ വീടുകളില്‍ സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്.

ഗോപകുമാറിന്റെ സദ്പ്രവര്‍ത്തി  സമൂഹത്തിന് മാതൃകയാണെന്ന് തുകയേറ്റുവാങ്ങിയ എം നൗഷാദ് എം എല്‍ എ പറഞ്ഞു. കൊല്ലൂര്‍വിള ഡിവിഷന്‍ കൗണ്‍സില്‍ എം സലിം, എ ഷാജി തുടങ്ങിയവര്‍ സന്നിഹിതരായി