കേരളത്തിന്റെ ഭക്ഷ്യശേഖരം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യശേഖരം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി വഴി ചൊവ്വാഴ്ച 1745 ട്രക്കുകളാണ് കേരളത്തിലേക്ക് വന്നത്. ഇതില്‍ 43 എണ്ണം എല്‍. പി. ജി ടാങ്കറുകളും 65 എണ്ണം സിലിണ്ടറുകളുമായെത്തിയവയാണ്. കൂടുതല്‍ ട്രക്കുകള്‍ എത്തുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടുന്നത് സംബന്ധിച്ച് കര്‍ണാടകം ഉത്തരവിറക്കിയിട്ടുണ്ട്. മൊബൈല്‍ കടകള്‍ ഞായറാഴ്ചയും വര്‍ക്ക്ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ക്ക്ഷോപ്പുകള്‍ തുറക്കുന്ന ദിവസങ്ങളില്‍ സ്പെയര്‍പാര്‍ട്സ് കടകളും തുറക്കും. ഫാന്‍, എ. സി വില്‍പനശാലകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കും. രജിസ്റ്റേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ അറ്റകുറ്റപ്പണിക്ക് പോകുന്നതിന് അനുമതി നല്‍കും. ഫ്ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നല്‍കും.

വിഷു, ഈസ്റ്റര്‍ മുന്നില്‍ക്കണ്ട് അധിക ഉത്പാദനം നടത്തിയ പച്ചക്കറി കര്‍ഷകരില്‍ നിന്ന് കൃഷിവകുപ്പ് കര്‍ഷക വിപണികള്‍ വഴി ഉത്പന്നം സംഭരിക്കും. പഴം, പച്ചക്കറി വ്യാപാരികള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കമ്മ്യൂണിറ്റി കിച്ചനുകള്‍ ഫലപ്രദമായാണ് നടക്കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ അനാവശ്യ മത്സരം കാണുന്നു. പത്തനംതിട്ടയില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ഫലപ്രദമായി ഇടപെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. ഇതുമായി സഹകരിക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്. ഭാരതപ്പുഴയിലെ മണല്‍ക്കടത്ത് തടയാന്‍ കര്‍ശന നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില എന്നിവയുമായി ബന്ധപ്പെട്ട് 326 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 കടകള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തു.

മത്സ്യപരിശോധനയില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് കണ്ടെത്തിയത്. വളത്തില്‍ സൂക്ഷിച്ച മത്സ്യമടക്കം വില്‍പനയ്ക്കെത്തുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. റേഷന്‍ വിതരണത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ചെറിയ പരാതികള്‍ പോലും ഗൗരവമായെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍കടകളിലേക്ക് ലഭിച്ച ധാന്യത്തില്‍ കുറവുണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. മൃഗശാലകള്‍ അണുമുക്തമാക്കാന്‍ നടപടി സ്വീകരിക്കും. വളര്‍ത്തുമൃഗങ്ങളുടെ കൂട് അണുമുക്തമാക്കാന്‍ വീട്ടുടമകള്‍ക്കൊപ്പം തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം. മാനസികപ്രശ്നങ്ങള്‍ക്കും വൃക്ക രോഗത്തിനുമുള്ള മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ആരോഗ്യം, ഫയര്‍ഫോഴ്സ്, പോലീസ് വിഭാഗങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ അയല്‍സംസ്ഥാനത്തില്‍നിന്ന് മദ്യം കടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് വീടുകളിലിരുന്ന് വായിക്കാന്‍ പുസ്തകം എത്തിക്കുന്നതിന് വായനശാലകള്‍ നടപടി സ്വീകരിക്കണം.

മലബാറിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് കോടി രൂപ ചെലവഴിക്കും. മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്രജീവനക്കാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കും. ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രം ഫണ്ടില്‍ നിന്നുള്ള ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും 2500 രൂപ വീതം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സഹായം ലഭിക്കുന്ന ഉത്തരമലബാറിലെ കാവുകളിലെ ആചാരസ്ഥാനികള്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് കുടിശികയില്‍ നിന്ന് 3600 രൂപ വീതം നല്‍കും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന കുടുംബശ്രീയുടെ 238 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്. സാക്ഷരത പ്രേരക്മാര്‍ക്കുള്ള ഹോണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടില്‍ നിന്ന് നല്‍കും. വിവിധ വിഭാഗത്തില്‍പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം. എല്‍. എമാരായ വി. എസ്. അച്യുതാനന്ദന്‍, പി. ജെ. ജോസഫ്, രാജു എബ്രഹാം, പി. ടി. തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ തങ്ങളുടെ നിയോജകമണ്ഡലത്തിലെ ആശുപത്രികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം. എല്‍. എ ഫണ്ട് വിനിയോഗിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് ധനവകുപ്പ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.