വിതരണ സംവിധാനത്തിന് 'ചങ്ങായി' ആപ്പ് പുറത്തിറക്കി എരഞ്ഞോളി പഞ്ചായത്ത് മാതൃകയാകുന്നു

post

കണ്ണൂര്‍ : ജനങ്ങളെയും വോളന്റീയര്‍മാരെയും  ബന്ധിപ്പിക്കുന്ന 'ചങ്ങായി'എന്ന ആന്‍ഡ്രോയിഡ് ആപ്പ്,എരഞ്ഞോളി ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍  ജില്ലാ ജഡ്ജ് പി. ഇന്ദിര  ഔദ്യോഗികമായി പുറത്തിറക്കി. ദുരന്ത സമയത്ത് വിതരണസംവിധാനം ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ആണ് ചങ്ങായി. എല്ലാ വീടുകള്‍ക്കും ശ്രദ്ധ കിട്ടാനും, വോളന്റീയര്‍മാരുടെ സാമൂഹിക ഇടപെടല്‍ കുറയ്ക്കാനും വേണ്ടി വാര്‍ഡുകളെ വീട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ ആക്കി,  ഒരു വോളന്റീയര്‍ എന്ന നിലയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്.  ഈ വീടുകളില്‍ സാധനങ്ങളുടെയോ മരുന്നിന്റെയോ ആവശ്യങ്ങള്‍ വരികയാണെങ്കില്‍  ഈ വോളന്റീയര്‍ വഴി മാത്രം എത്തിക്കും. സമൂഹ വ്യാപനം എന്ന വിപത്തു വന്നാലും ഓരോ വോളന്റീയര്‍മാരും എവിടെയൊക്കെ പോയി എന്നതിന് കൃത്യമായ ഒരു ട്രാക്കിങ് ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘ വീക്ഷണമാണ് ഈ പദ്ധതിയുടെ പിന്നില്‍.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു ജനത്തിനും എളുപ്പത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയാം. പലചരക്ക്, പഴം/ പച്ചക്കറികള്‍, മരുന്ന് എന്നിവ കൂടാതെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി നല്‍കുന്ന ഭക്ഷണവും ആവശ്യപ്പെടാം.  ഇനി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ ആണെങ്കില്‍ കാള്‍ സെന്ററില്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ ആപ്പില്‍  രജിസ്റ്റര്‍ ചെയ്യും.  രജിസ്റ്റര്‍ ചെയുന്ന ചെയ്യപെടുന്ന ഓര്‍ഡറുകള്‍, വീട് നമ്പര്‍ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തം നല്‍കിയിരിക്കുന്ന വോളന്റിയറിനു നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും. 

വോളന്റീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍  ആപ്പിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്താനും, ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍  ഒരു ഡാറ്റാബേസില്‍ എത്തുന്നതോടെ അതിന്റെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിക്കാന്‍ കാലതാമസം വരുന്നത് കൊണ്ട് വോളന്റീയര്‍സ് അടങ്ങുന്ന ഒരു ഒഫീഷ്യല്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ആപ്പ്  ലിങ്ക് നല്‍കിയിരിക്കുന്നത്. 

കില ജില്ല കോര്‍ഡിനേറ്റര്‍ ഡോ. അനൂപ നാരായണന്റെ ആശയത്തെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ് ആയ അവിനാഷ്, അസ്‌ലം എന്നിവരാണ് ആപ്പ് ആയി വികസിപ്പിച്ചത്. കിലയുടെയും കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  അരുണ്‍ ടി.ജെയുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും പൂര്‍ണ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയത്. വോളന്റീയര്‍ സഹായത്തോടെ വിതരണം നടത്തുന്ന ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്  ഉപയോഗിക്കാന്‍ സാധിക്കും. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വിതരണസംവിധാനം നീരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.