കോവിഡ് 19 : അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടര്‍

post

എറണാകുളം: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ടേര്‍ഷ്യറി കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, കമ്മ്യൂണിറ്റി ലെവല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോംസ്, ഹോം ഐസൊലേഷന്‍ എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിര്‍ണയിച്ചിട്ടുള്ളത്. രോഗികളുടെ അതിവേഗത്തിലുള്ള വര്‍ധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കുകയെന്നതാണ് ജില്ലാ ഭരണകൂടവും അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രവും ആരോഗ്യവകുപ്പും തയാറാക്കിയ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്ലാന്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകളായി തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ സ്ഥാപനം എന്നതിന്റെ അടിസ്ഥാനത്തിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആശുപത്രികളെ ഈ രീതിയില്‍ തരംതിരിച്ചിരിക്കുന്നത്.

കോവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ കോവിഡ് ടേര്‍ഷ്യറി കെയര്‍ സെന്ററായ എറണാകുളം മെഡിക്കല്‍ കോളേജില്‍ 650  കിടക്കകളും 20 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്. പത്ത് സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിര്‍ണയിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുമാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കളമശേരി മെഡിക്കല്‍ കോളേജിനെ 500 കിടക്കകളുള്ള ആശുപത്രിയായി മാറ്റിക്കഴിഞ്ഞു. ഒരു കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഐസിയുവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 സിംഗിള്‍ റൂമുകളുമായി പിവിഎസ് ആശുപത്രി പൂര്‍ണ സജ്ജമായിക്കഴിഞ്ഞു. കേരളത്തിലെത്തുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനായി 36 ഷോര്‍ട്ട് സ്റ്റേ ഹോമുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ പാര്‍പ്പിക്കുന്നതിനായി 1941 സിംഗിള്‍ റൂമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്. 

എമര്‍ജന്‍സി റെസ്പോണ്‍സ് പ്ലാന്‍ പ്രകാരം ജില്ലയിലെ ജനസംഖ്യയുടെ 10% ത്തിന് രോഗബാധയുണ്ടായേക്കാമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. 70-80% രോഗികള്‍ക്ക് കോവിഡ് പ്രാഥമിക ചികിത്സ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുള്ള ഇവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ തയാറാക്കുന്ന പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ മതിയാകുമെന്നാണ് കരുതുന്നത്. പ്രാഥമിക ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ജില്ലയിലെ മൊത്തം ആരോഗ്യ പരിരക്ഷാ സംവിധാന ക്ഷമതയേക്കാള്‍ വളരെയധികമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രീകൃതമായ ചികിത്സാ സംവിധാനത്തേക്കാള്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതി തയാറാകുന്നത്.

79% പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുക. അതിനാല്‍ ഇവര്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. ഇതിനായി ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഏകോപനം അനിവാര്യമാണ്. ഇതിനായി ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഓരോ പഞ്ചായത്ത് തലത്തിലും സ്ഥാപിക്കും. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തിന്റെ സേവനം ഓരോ പഞ്ചായത്ത് തലത്തിലും കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ഡെലിവറി സംവിധാനങ്ങളുടെയും ഈ ശൃംഖല ടെലി മെഡിസിന്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.

ഓരോ പഞ്ചായത്തിലെയും ജനങ്ങള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക് വിളിക്കാം. ഓരോ വാര്‍ഡിലെയും അംഗങ്ങളെ ആശ വൊളന്റിയര്‍മാര്‍ ബന്ധപ്പെടുകയും പനിയുള്ളവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ചെയ്യും. അത്തരം രോഗികളെ പഞ്ചായത്ത് തലത്തിലുള്ള ടെലിമെഡിസിന്‍ യൂണിറ്റില്‍ നിന്ന് ബന്ധപ്പെടും. ഡോക്ടര്‍ക്കോ മെഡിക്കല്‍ ഓഫീസര്‍ക്കോ രോഗിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാല്‍ ജില്ലാതലത്തിലുള്ള ടെലിമെഡിസിന്‍ സംവിധാനവുമായി ബന്ധപ്പെടും. പനിയുണ്ടെങ്കില്‍ വിളിക്കേണ്ട നമ്പര്‍ ഓരോ വീടുകളിലും അറിയാമെന്ന കാര്യം സാക്ഷരത മിഷന്‍ ഉറപ്പാക്കും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ജില്ലാതല ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനവുമുണ്ട്.

വാര്‍ഡ് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

ജില്ലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കാനായി താത്കാലികമായി തയാറാക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രമാണിത്. 70-80% വരെ രോഗികള്‍ക്ക് ഇവിടെ ചികിത്സ നല്‍കാനാകും. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകള്‍ പോലുള്ള കേന്ദ്രങ്ങളിലായിരിക്കും ഇത്തരം താത്ക്കാലിക സംവിധാനങ്ങള്‍ സജ്ജീകരിക്കുക. ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ വികേന്ദ്രീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  25 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് തയാറെടുക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു ആംബുലന്‍സും ഒരു ടെസ്റ്റിംഗ് കേന്ദ്രവുമുണ്ടായിരിക്കണം. കോവിഡ് രോഗലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുക. പഞ്ചായത്ത് തലത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ഓരോ രണ്ട് പഞ്ചായത്തുകള്‍ക്കുമായി ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന ഫീല്‍ഡ് റെസ്പോണ്‍സ് ഹോം കെയര്‍ ടീമിനെ വിന്യസിക്കും. ചെറിയ രോഗലക്ഷണങ്ങളുള്ളവരെ സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും വിലയിരുത്തല്‍ നടത്തുകയുമാണ് ഇവരുടെ ലക്ഷ്യം.   

ഇതോടൊപ്പം കോവിഡ് ഇതര രോഗങ്ങളുടെ കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനത്തിന്റെ മാതൃകയില്‍ മരുന്നുകളുടെ വിതരണവും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി സര്‍വെയ്ലന്‍സ് സംവിധാനത്തിനുള്ള മാര്‍ഗരേഖയും പദ്ധതിയിലുണ്ട്. ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെ സര്‍വെയ്ലന്‍സ് യൂണിറ്റ് പ്രവര്‍ത്തിക്കും. 

കൂടാതെ കൂടുതല്‍ സാംപിള്‍ ശേഖരണ കേന്ദ്രങ്ങളും സജ്ജമാക്കും. ആദ്യഘട്ടത്തില്‍ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാകും സാംപിള്‍ ശേഖരണ കേന്ദ്രങ്ങള്‍. രണ്ടാം ഘട്ടത്തില്‍ തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ കോവിഡ് കെയര്‍ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലും സാംപിളുകള്‍ ശേഖരിക്കും. വേഗത്തില്‍ ഫലം ലഭിക്കാനും കൂടുതല്‍ സാംപിളുകള്‍ ശേഖരിക്കാനും ഇതുവഴി കഴിയും. വലിയ രീതിയിലുള്ള വൈറസ് വ്യാപനമുണ്ടായാല്‍ പഞ്ചായത്ത്/നഗരസഭ തലത്തില്‍ മൊബൈല്‍ കളക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. മൊബൈല്‍ സാംപിള്‍ കളക്ഷന്‍ ക്യാബിനെറ്റുകള്‍ രൂപകല്‍പ്പന ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ക്യാബിനെറ്റുകള്‍ ഇന്ത്യയില്‍ ആദ്യമായായിരിക്കും പരീക്ഷിക്കപ്പെടുക. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) പ്രാദേശികമായി നിര്‍മ്മിക്കാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. സിഎസ്ആര്‍ സഹായത്തോടെ ഹാന്‍ഡ് സാനിറ്റൈസര്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്‌കുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. 654 ആംബുലന്‍സുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 58 എണ്ണമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ വൈറസ് വ്യാപനം കണ്ടെത്തിയാല്‍ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലന്‍സുകള്‍ വീതം നല്‍കും. വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള സ്റ്റേഷന്‍ ഓരോ പഞ്ചായത്തിലും/താലൂക്കിലും സജ്ജമാക്കും. 

3.2 ദശലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. 50% ത്തിലധികം ജനങ്ങളും നഗര മേഖലയിലാണ് ജീവിക്കുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജും രണ്ട് ജനറല്‍ ആശുപത്രികളും ഒരു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും 11 താലൂക്ക് ആശുപത്രികളും 22 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 76 പിഎച്ച്സി/എഫ്എച്ച്സികളും 410 സബ്സെന്ററുകളും 15 അര്‍ബന്‍ പിഎച്ച്സികളുമാണുള്ളത്. കിടത്തി ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളും (സ്വകാര്യ/ഇഎസ്ഐ) ജില്ലയിലുണ്ട്. ഇതിനു പുറമേ മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും 27 ആയുര്‍വേദ ആശുപത്രികളും 41 ഹോമിയോ ഡിസ്പെന്‍സറികളും ഒരു സിദ്ധ ഡിസ്പെന്‍സറിയുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 2310 കിടക്കകളും 24 വെന്റിലേറ്ററുകളുമാണുള്ളത്. സ്വകാര്യ മേഖലയില്‍ 6596 കിടക്കകളും 259 വെന്റിലേറ്ററുകളുമുണ്ട്. ആകെ 9906 കിടക്കകളും 283 വെന്റിലേറ്ററുകളുമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 518 ഡോക്ടര്‍മാരും 11 അനസ്തെസ്റ്റിസ്റ്റുകളും 22 ഫിസിഷ്യന്‍സും 834 നഴ്സുമാരുമാണ് സേവനമനുഷ്ടിക്കുന്നത്. 

ജില്ലയില്‍ 65 വയസിനു മുകളില്‍ പ്രായമുളളവരുടെ എണ്ണം 3,71,557 ആണ്. ആശ പ്രവര്‍ത്തകര്‍ക്ക് ലഭ്യമായ കണക്ക് പ്രകാരം വൃദ്ധസദനങ്ങള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ ഹോമുകള്‍ തുടങ്ങിയ 229 സ്ഥാപനങ്ങളിലായി 5269 അന്തേവാസികളാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്. ജില്ലയില്‍ ഭൂപ്രദേശപരമായി രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലാകെ 231 ചേരി പ്രദേശങ്ങളാണുള്ളത്. ഈ മേഖലയിലെ ആകെ ജനസംഖ്യ 60678 ആണ്. 

ആധികാരിക വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പത്രക്കുറിപ്പുകളും സോഷ്യല്‍ മീഡിയ ക്യാംപെയ്നുകളും നല്‍കിവരുന്നുണ്ട്. ഡിജിറ്റല്‍ പോസ്റ്ററുകള്‍, റേഡിയോ സന്ദേശങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്. ബ്രേക്ക് ദ ചെയ്ന്‍, ലോക്ക് ഡൗണ്‍ ക്യാംപെയ്ന്റെ ഭാഗമായുള്ള ലഘുലേഖകളും ഹോര്‍ഡിംഗ്സുകളും തയാറാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാവുന്ന ഡോക്ടര്‍ ഓണ്‍ ഫേസ്ബുക്ക് ലൈവ് പരിപാടിയും ദിവസവും സംപ്രേഷണം ചെയ്യുന്നു. 

വൈദ്യ സഹായം അഭ്യര്‍ഥിക്കാനും ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാനും മാനസികപ്രശ്നങ്ങളുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനും ആംബുലന്‍സ് സേവനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സജ്ജമാക്കിയിട്ടുണ്ട്. കൊറോണ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ പ്രായമേറിയവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ നവജാത ശിശുക്കളുടെ ആരോഗ്യ പരിപാലനവും നിര്‍വഹിക്കുന്നുണ്ട്. 

മാര്‍ച്ച് 26 മുതല്‍ ജില്ലയില്‍ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ആശുപത്രികളിലെ കിടക്കകള്‍/വെന്റിലേറ്റര്‍/ഐസിയു എന്നിവയുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആംബുലന്‍സിന്റെ സ്ഥാനവും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും നീക്കവും വിലയിരുത്തുന്നുണ്ട്.