പ്രവാസികള്‍ക്ക് ചെയ്യാനാകുന്നതെല്ലാം ചെയ്യും -മുഖ്യമന്ത്രി

post

തിരുവനന്തപുരം :  പ്രവാസി സമൂഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവര്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും. പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. 22 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രവാസി മലയാളികളാണ് സംസാരിച്ചത്. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും എംബസികള്‍ മുഖേന ചെയ്യേണ്ടതും പ്രവാസികള്‍ ചൂണ്ടിക്കാട്ടി.

എംഎല്‍എമാരുമായി കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തനങ്ങളാകെ വിലയിരുത്തുകയും അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ചര്‍ച്ചനടത്തുകയും ചെയ്തു. എംഎല്‍എമാര്‍ ജില്ലാ കലക്ടറേറ്റുകളിലെത്തിയാണ് പങ്കെടുത്തത്. സ്പീക്കറും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇപ്പോള്‍ നടത്തുന്ന ഇടപെടലുകളില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ പഠനം നടക്കുന്നില്ല. ആ കാലയളവിലും ഫീസ് നല്‍കേണ്ടിവരുന്നത് പ്രവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥനയാണ് അവര്‍ നടത്തിയത്. മാനേജ്‌മെന്റുകള്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് 19 രോഗബാധയോ സംശയമോ ഉള്ള പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സംവിധാനം ഉറപ്പാക്കുന്നതിനും ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നണമെന്നുമുള്ള ആവശ്യമാണ് പ്രവാസികളില്‍നിന്ന് ഉയര്‍ന്നത്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട വിദേശ രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് നിരവധി പേര്‍ തയ്യാറാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിദേശമന്ത്രി ഡോ. എസ് ജയശങ്കറിനെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കേണ്ടതിന്റെയും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി.

കുവൈറ്റില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എമ്പസി എമര്‍ജല്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് റദ്ദാക്കിയാല്‍ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മുംബൈയില്‍ 46 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്തയുണ്ട്. 150ലേറെ നഴ്‌സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ഡെല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡെല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടും. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.