ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍

post

വയനാട് : കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 730 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍  11588 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ രോഗം സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 9 പേര്‍ ആശുപത്രിയിലും   ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ചത് 186 സാമ്പിളുകളാണ്.  38 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍  1064 വാഹനങ്ങളിലായി എത്തിയ 1739 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

കോവിഡ് കെയര്‍ സെന്ററില്‍ താമസിച്ചിരുന്ന 169 പേരുടെ ക്വാറന്റൈന്‍ പിരീഡ് അവസാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് ഇന്ന് (ഏപ്രില്‍ 7) ന് വീടുകളിലേക്ക് പോകാനുളള നടപടികള്‍ സ്വീകരിക്കും. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി നിരീക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ട് ജില്ലകളില്‍ നിന്നും അവശ്യ സേവനങ്ങള്‍ക്കായി എത്തുന്ന സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ ജീവനക്കാര്‍ക്കും അവശ്യ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍,സഹായികള്‍ എന്നിവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിരീക്ഷണകാലയളവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമാകില്ലെന്നും കളക്ടര്‍ പറഞ്ഞു.