ജനറല്‍ ആശുപത്രി കൂടുതല്‍ രോഗികളെ ചികിത്സിക്കാന്‍ സജ്ജമാക്കും

post

തൃശൂര്‍ : മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ജില്ലാ കോവിഡ് 19 ആശുപത്രിയാക്കിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ രോഗികളെ ചികിത്സിക്കാന്‍ സജ്ജമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മറ്റു രോഗികളെ ഇവിടേക്ക് കൊണ്ടു വരേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി ജനറല്‍ ആശുപത്രി സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന മാതൃ-ശിശു വാര്‍ഡ് മന്ത്രി സന്ദര്‍ശിച്ചു. നാല് നിലകളിലായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മാതൃ-ശിശു വാര്‍ഡിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിച്ച് പ്രസവവാര്‍ഡ് ഈ കെട്ടിടത്തിലേക്ക് മാറ്റും. ഇതോടെ മറ്റു രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകള്‍ക്ക് മാതൃകാപരമാണെന്നും എറണാകുളം ജില്ലയുടെ ചുമതലക്കാരന്‍ കൂടിയായ മന്ത്രി പറഞ്ഞു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സ്റ്റേഷന്‍ മന്ത്രി സന്ദര്‍ശിച്ചു.ലൈസന്‍സുള്ള സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഹാം റേഡിയോ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എംഎല്‍ റോസി, കരോളി ജോഷ്വാ, ജോണ്‍ ഡാനിയല്‍, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവരും സംബന്ധിച്ചു.