അഴിയൂരില്‍ ആരോഗ്യ ബുത്തും പരിസരവും സന്നദ്ധ പ്രവര്‍ത്തകര്‍ വൃത്തിയാക്കി

post

കോഴിക്കോട് : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ ചുങ്കവും പരിസരവും ഒന്നാം വാര്‍ഡിലെ ദ്രുത കര്‍മ്മ സേന അംഗങ്ങളും നവാഗത് ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് വ്യത്തിയാക്കി. ആരോഗ്യ ബുത്ത്, ചുങ്കം ടൗണ്‍, പോലിസ് എയ്ഡ് പോസ്റ്റ്, ബസ് സ്റ്റോപ്പ്, റേഷന്‍ കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മല്‍സ്യ മാര്‍ക്കറ്റ് എന്നീ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കി. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌ക്കരിക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്കു കൈമാറുകയും ചെയ്തു.

വാര്‍ഡ് ആരോഗ്യ പ്രവര്‍ത്തകരായ ഇഖ്ബാല്‍ എ കെ, ദിപിന്‍ എം.എം., നവാഗത്ക്ലബ്ബ് ഭാരാവാഹികളായ റാണ പ്രതാപ്, ജലീല്‍, ഫര്‍ഹാസ് കല്ലറോത്ത്, നസിര്‍ യു.കെ, പൊതുപ്രവര്‍ത്തകന്‍ അബൂബക്കര്‍ കൈത്തല്‍ എന്നിവര്‍ രണ്ട് ബാച്ചുകളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഴിയുര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ശുചികരണം നടത്തിയത്. കഴിഞ്ഞ ദിവസം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വടകര യുണിറ്റ് പഞ്ചായത്തിലെ എല്ലാ പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കിയിരുന്നു.