ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം

post

ആലപ്പുഴ:  ജില്ലയില്‍ ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം. ഇവരെ  അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാന്‍  ജില്ലാ കളക്ടര്‍ എം. അഞ്ജന  നിര്‍ദേശം നല്കി. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനമാണ് ഈ നടപടി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മറികടന്ന്,  ക്വാറന്റൈന്‍ ലംഘിക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെ എതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ  നിയമ പ്രകാരം കേസെടുക്കും. ഈ നിയമപ്രകാരം,  ലംഘകര്‍ക്കെതിരെ  10,000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ  ചുമത്താം.

 ക്വാറന്റൈന്‍ ലംഘിക്കുന്നവരെ   അറസ്റ്റ് ചെയ്തശേഷം,  ആരോഗ്യവകുപ്പിന്റെ ഉപദേശത്തിനനുസരിച്ച് കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രി ഐസൊലേഷനിലേക്കോ മാറ്റും. ജില്ലാ കലക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്  അമ്പലപ്പുഴയില്‍ ക്വാറന്റയിന്‍  ലംഘിച്ച ഒരാളെ  ആരോഗ്യ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കടുത്ത് വീടുകളില്‍ ഐസൊലേഷനിലുള്ളവരുടെ ആരോഗ്യസ്ഥിതി  കൂടുതല്‍ ഫലപ്രദമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നടപടിയെടുത്തു. ഇതിന്റെ ഭാഗമായി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ,  വീടുകളില്‍ ഐസൊലേഷനില്‍ ഉണ്ടായിരുന്ന എട്ടുപേരെ  ആലപ്പുഴ റെയ്ബാനിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി