ആരോഗ്യ വകുപ്പിന് താങ്ങായി ടൂറിസം ജീവനക്കാര്‍

post

 വയനാട്  : ജില്ലയില്‍ കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് താങ്ങായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജീവനക്കാര്‍. കോവിഡ് കെയര്‍ ആസ്പത്രിയായി പരിവര്‍ത്തനം ചെയ്ത മാനന്തവാടി ജില്ലാ ആസ്പത്രിക്ക് പുറമെ ജില്ലിലെ വിവിധ ആസ്പത്രികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഐ.ഡി.എസ്.പി എന്നിവിടങ്ങളിലായി 69 ജീവനക്കാരാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം സേവന രംഗത്തുളളത്. ശുചീകരണം, ഡാറ്റാ എന്‍ട്രി, സ്റ്റോര്‍ കീപ്പിംഗ് പ്രവര്‍ത്തനങ്ങളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനത്തിലും ജോലിചെയ്യുന്നവരാണിവര്‍. കോവിഡ്  രോഗ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരങ്ങള്‍ കേന്ദ്രങ്ങള്‍ അടച്ചതോടെയാണ്  ഇവരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിലൂടെ ഇവര്‍ക്ക്  വേതനം ഉറപ്പാക്കാനും സാധിച്ചു.

ജില്ലയില്‍ കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. നോഡല്‍ ഓഫീസറായ ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദിന്റെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ ജില്ലയില്‍ 135 ഹോട്ടല്‍/റിസോട്ടുകള്‍ ഏറ്റെടുത്തു. 1960 മുറികളാണ് ഇവിടങ്ങളില്‍ ഒരുക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റുജീവനക്കാര്‍ക്കും താമസമൊരുക്കുന്നതും ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ്.