നിയമസഭയുടെ പരിച്ഛേദമായി മുഖ്യ മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്

post

മലപ്പുറം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലകളിലെ നിയമസഭാ സാമാജികരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം, ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രായമായവരുടെയും സംരക്ഷണം, മരുന്നുകളുടെ ലഭ്യത, കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി എം.എല്‍.എമാരുടെ ശ്രദ്ധ ആവശ്യമുള്ള വിവിധ മേഖലകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ആശയവിനമയം നടത്തി. 

കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ ഒരു കാരണവശാലും ഒറ്റപ്പെടുത്തുന്ന സ്ഥിതി ഒരു മണ്ഡലത്തിലും ഇല്ലാതിരിക്കാന്‍ അതത് എം.എല്‍.എമാര്‍ ശ്രദ്ധിക്കണം. പ്രായമായവര്‍ ഏറെയുള്ള നാടായതിനാല്‍ അവര്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പ്രാദേശികമായി ബോധവത്കരണം നടത്തണം. മാലിന്യ സംസ്‌കരണത്തിന് കൃത്യമായ മാര്‍ഗ രേഖകള്‍ പാലിക്കേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാമുഖ്യം നല്‍കണം. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ളവ കൃത്യമായി ശേഖരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.എ.എമാരുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഏകീകൃത സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ഉചിത നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലും ജില്ലയിലെ എല്ലാ എം.എല്‍.എമാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.