കോവിഡ് 19: കൂടുതല്‍ ചികിത്സ/നിരീക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

post

മലപ്പുറം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിനും ചികിത്സക്കും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ നാല് ഐസൊലേഷന്‍ ആശുപത്രികളാണ് നിലവില്‍ ജില്ലയിലുള്ളത്. ഇതിനു പുറമെ മുഴുവന്‍ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും ഐസൊലേഷന്‍ ആശുപത്രികളാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആവശ്യമാവുകയാണെങ്കില്‍ രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ജില്ലയില്‍ ഐസൊലേഷന്‍ ആശുപത്രികളില്‍ നിലവില്‍ 480 കിടക്കകളാണുള്ളത്. 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലും സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കും ജില്ലയില്‍ താമസ സൗകര്യമില്ലാത്തവര്‍ക്കുമായി കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.