നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിയന്ത്രിത മത്സ്യബന്ധനവും വിപണനവും

post

കൊല്ലം : നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിയന്ത്രിത മത്സ്യബന്ധനത്തിനും വിപണനത്തിനും ക്രമീകരണങ്ങളായി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും മത്സ്യലേലം നിരോധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം.പരമാവധി അഞ്ച് തൊഴിലാളികള്‍ വരെ മത്സ്യബന്ധനം നടത്തുന്ന ചെറുപരമ്പരാഗത യാനങ്ങള്‍ക്കു മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ജില്ലയില്‍ നിലവില്‍ ലാന്റിംഗ് അനുമതിയുളള ലാന്റിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും ഒഴികെയുളള കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ വളളങ്ങള്‍ അടുപ്പിച്ച് മത്സ്യവിപണനം നടത്താന്‍ പാടില്ല. എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ 11 മണിവരെ മാത്രമേ മത്സ്യം കച്ചവടം ചെയ്യാന്‍ അനുവദിക്കുകയുളളൂ

ജില്ലയില്‍ നീണ്ടകര, ശക്തികുളങ്ങര, ഹാര്‍ബറുകളിലേക്ക് മത്സ്യബന്ധനം കഴിഞ്ഞുവരുന്ന വളളങ്ങളില്‍ നിന്നും മത്സ്യം വാങ്ങി വില്‍പ്പന നടത്താന്‍ താത്പര്യമുളള മൊത്തകച്ചവടക്കാര്‍ വാഹനത്തിന്റെ പേരും നമ്പരും സഹിതം നീണ്ടകര ഫിഷറീസ് സ്റ്റേഷനിലെ 0476-2680036 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് മാത്രമേ മത്സ്യം വാങ്ങുന്നതിന് അനുമതി നല്‍കുകയുളളൂ. രജിസ്റ്റര്‍ ചെയ്ത കച്ചവടക്കാര്‍ക്കുളള പാസുകള്‍ അതത് ഹാര്‍ബറുകളില്‍ നല്‍കും.