കോവിഡ് 19 : മാളയില്‍ പരിഭ്രാന്തരാവേണ്ടസാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : മാളയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. പരിശോധനാ ഫലം പോസിറ്റീവ് ആയ രോഗിയുടെ കുടുംബവും സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഭീതിജനകമായ അന്തരീക്ഷം ഇപ്പോള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാള പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ജാഗ്രത വേണം. ആളുകള്‍ കൂട്ടം കൂടിയും അല്ലാതെയും കറങ്ങി നടക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. വഴിയോര കച്ചവടങ്ങള്‍ ഒഴിവാക്കണം. പച്ചക്കറികള്‍ക്ക് വില കൃത്യത ഇല്ലെന്ന പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. വിലനിലവാരം എഴുതി പ്രദര്‍ശിപ്പിക്കണം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ എസ്.ഷാനവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.