കടയ്ക്കല്‍ പഞ്ചായത്തില്‍ ഇനിയുണ്ടാകില്ല 'ഇവേസ്റ്റ് '

post

കൊല്ലം: പുതിയ കാലത്തിന്റെ മാലിന്യ സംഭാവനയായ ഇവേസ്റ്റിനെ പടിയിറക്കുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായയത്ത്. സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിറുത്തി ഇവേസ്റ്റ് നിര്‍മാര്‍ജന യജ്ഞം നടത്തുകയാണ് ഇവിടെ. 22, 23 തീയതികളില്‍ പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കളക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് ഇലക്‌ട്രോണിക് വേസ്റ്റ് ശേഖരണം. എല്ലാ വീടുകളില്‍ നിന്നുമുള്ള ഉപയോഗശൂന്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പഞ്ചായത്തിന്റെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിച്ച ശേഷം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

ഉപയോഗമില്ലാത്ത ടി വി,  ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍,  എമര്‍ജന്‍സി, റേഡിയോ,  ഇലക്‌ട്രോണിക് ഗെയിം,  ലാപ്‌ടോപ്, മിക്‌സി,  ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവയ്ക്ക് പുറമേ ചെരുപ്പുകളും സംഭരിക്കും. 22ന് ഇളമ്പഴന്നൂര്‍, കോട്ടപ്പുറം,  വടക്കേ വയല്‍, പന്തളംമുക്ക്, പാലക്കല്‍, ആല്‍ത്തറമൂട്, ടൗണ്‍, മറ്റിടംപാറ, ആറ്റുപുറം, ഇടത്തറ 23ന് വെള്ളാര്‍വട്ടം, കുറ്റിക്കാട്, കാരക്കാട്, മുകുന്ദേരി, ചിങ്ങേലി,  തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, കാര്യം എന്നീ വാര്‍ഡുകളിലുമാണ് ക്യാമ്പുകള്‍ നടത്തുക.

ഇവേസ്റ്റ് നിര്‍മാര്‍ജനം പൂര്‍ത്തീകരിക്കുന്നതോടെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്തായി മാറുമെന്ന് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു. എല്ലാ പൊതുജനങ്ങളും വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുന്ന കളക്ഷന്‍ ക്യാമ്പില്‍ ഇവേസ്റ്റുകള്‍ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.