ഗവി നിവാസികള്‍ക്ക് ആശ്വാസമേകി ജനീഷ് കുമാര്‍ എംഎല്‍എ; ഭക്ഷണകിറ്റും മരുന്നുകളും വിതരണം ചെയ്തു

post

പത്തനംതിട്ട : ഗവിയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നതായി മാധ്യമങ്ങളുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത്, വനം, റവന്യൂ, പോലീസ്, പട്ടികവര്‍ഗ വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും, ഡോക്ടര്‍മാരെയുംകൂട്ടി കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണവും, മരുന്നുമായാണ് എംഎല്‍എ എത്തിയത്. 

ഗവി നിവാസികള്‍ക്ക് ലോക്ക്ഡൗണിന്റെ ഭാഗമായി ആവശ്യമായ സഹായം ഏര്‍പ്പെടുത്താത്ത കെഎഫ്ഡിസി അധികൃതരെ എംഎല്‍എ ശാസിച്ചു.  എംഎല്‍എയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ പരാതികളുടെ കെട്ടഴിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും തൊഴിലാളികളെ രണ്ടുദിവസം കൂടി നിര്‍ബന്ധിച്ച് ജോലി എടുപ്പിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും, ചികിത്സയ്ക്കും 35 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറില്‍ ആണ് പോകുന്നത്. തൊഴിലാളികള്‍ക്ക് കെഎഫ്ഡിസി വാഹനസൗകര്യം നല്‍കാത്തതിനാല്‍ നടന്നാണ് ഇത്രയും ദൂരം പോകുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി കുടുംബങ്ങളില്‍പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍പോലും വാഹനത്തിന് ഡീസലില്ല എന്നു പറഞ്ഞ് കെഎഫ്ഡിസി അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് തൊഴിലാളിയായ സരസമ്മ എംഎല്‍എയോടു പറഞ്ഞു. 

     കെഫ്ഡിസി ഡിവിഷണല്‍ മാനേജരെ വിളിച്ച് പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച എംഎല്‍എ തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കാതിരുന്ന നിലപാടില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കണമെന്നും എംഎല്‍എ ഉദ്യോഗസ്ഥരോട് പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന എല്ലാ ലയങ്ങളും എംഎല്‍എ സന്ദര്‍ശിച്ചു. കക്കി, എട്ടു ഷെഡ്, ആനച്ചാല്‍, കൊച്ചുപമ്പ, പതിനാലാം മയില്‍, ഗവി, മീനാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എത്തിയ എംഎല്‍എ തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു.

      രോഗമുള്ളതായി പറഞ്ഞ തൊഴിലാളികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചു മരുന്നുനല്‍കി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎഫ്ഡിസി ചെയര്‍മാനും, എംഡിയും ഉള്‍പ്പടെയുള്ള ആളുകളെ വരുത്തി യോഗംചേരുമെന്ന് എംഎല്‍എ തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി. 300 കുടുംബങ്ങള്‍ക്കാണ് ഗവിയില്‍ ഭക്ഷണ കിറ്റ് നല്‍കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റെഡ് ക്രോസ് സൊസൈറ്റിയാണ് ഭക്ഷണ കിറ്റിനുള്ള സാധനങ്ങള്‍ എംഎല്‍എയ്ക്ക് കൈമാറിയത്.

        എംഎല്‍എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആര്‍.പ്രമോദ്, തഹസീല്‍ദാര്‍ ശ്രീകുമാര്‍, ആയുഷ് നോഡല്‍ ഓഫീസര്‍ ഡോ. എബി ഏബ്രഹാം, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി കെ.റ്റി.രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ സുബിന്‍ വര്‍ഗീസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജയഘോഷ്, പട്ടികവര്‍ഗ വികസന വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോ. ലക്ഷ്മി.ആര്‍.പണിക്കര്‍, ഗ്രാമപഞ്ചായത്തംഗം വി.കുമാര്‍, കൈത്താങ്ങ് പദ്ധതി പ്രവര്‍ത്തകരായ സംഗേഷ്.ജി.നായര്‍, ജോബി.ടി.ഈശോ തുടങ്ങിയവര്‍ ഉണ്ടായിരുന്നു