സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

post

കോഴിക്കോട്: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മെഡലുകള്‍ നേടിയ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ സുവര്‍ണ്ണ താരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്‍കി. താമരശ്ശേരി കാരാടിയില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്ഥിരംസമിതി അംഗങ്ങളായ പി.സി തോമസ്, ബേബി ബാബു, വാര്‍ഡ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ എം എ അബ്രാഹം തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. 

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായ കെ പി സനിക, സീനിയര്‍ ഗേള്‍സിന്റെ 3 കി മീ നടത്തത്തില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ നന്ദന ശിവദാസ്, റിലേയില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ അന്ന അല്‍ന ജേക്കബ്, 3000 മീറ്ററില്‍ വെള്ളിയും ക്രോസ് കണ്‍ട്രിയില്‍ വെങ്കലവും നേടിയ അനശ്വര ഗണേഷ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3 കി.മീ നടത്തത്തില്‍ വെങ്കലം നേടിയ മിയ റോസ് എന്നിങ്ങനെ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങള്‍ക്കും കായികാധ്യാപകന്‍ വി ടി മിനീഷിനുമാണ് സ്വീകരണം നല്‍കിയത്. 

നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുമടക്കം വന്‍ ജനാവലിയാണ് സ്വീകരണ റാലിയില്‍ പങ്കെടുത്തത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ പരിശീലനം നടത്തുന്ന കായിക താരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലും മികച്ച വിജയം നേടിയിരുന്നു.