മലയോരത്ത് സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമം

post

കാസര്‍കോട് : കൊറോണക്കാലത്ത് സൗജന്യ റേഷന്‍ വാങ്ങാന്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ മലയോരത്തെ പൊതു വിതരണകേന്ദ്രങ്ങള്‍ സജീവമായി. വെള്ളരിക്കുണ്ട് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസിന് കീഴില്‍  25 ശതമാനത്തോളം കുടുബങ്ങളാണ് ആദ്യ ദിനങ്ങളില്‍ പൊതുവിതരണ കേന്ദ്രങ്ങളിലെത്തിയത്. വെള്ളരിക്കുണ്ട് താലൂക്കില്‍ ഏഴ്  പഞ്ചായത്തുകളിലായി 256 കാര്‍ഡുകള്‍ മുതല്‍ 1359 കാര്‍ഡുകള്‍ വരെയുള്ള 71 റേഷന്‍ കടകളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സൗജന്യ റേഷന്‍ വിതരണം നടക്കുന്നത്. റേഷന്‍ കടകളിലെത്തുന്നവര്‍ക്കായി ക്യൂ നില്‍ക്കാനായി ഒരുമീറ്റര്‍ അകലത്തില്‍ അടയാളപ്പെടുത്തുകയും കൈ കഴുകുന്നതിനുള്ള സജ്ജീകരണവും എല്ലാ റേഷന്‍ കടകളിലും ഉറപ്പാക്കിയിട്ടുണ്ട്. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് ക്യൂവില്‍ നില്‍ക്കാന്‍ അവസരമുള്ളത്. തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചിത നമ്പറിലുള്ള കാര്‍ഡുടമകള്‍ക്ക് പ്രത്യേക ദിവസം നിശ്ചയിച്ച് നല്‍കിയതും  ടോക്കണ്‍ ഏര്‍പ്പെടുത്തിയതിലൂടെ കടയ്ക്ക് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് റേഷന്‍ കടയുടമകളും സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തുകളുടെ മേല്‍ നോട്ടതില്‍ സന്നദ്ധ പ്രവര്‍ക്കരുടെ സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോക്കണ്‍ നല്‍കാനും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക്് സാധനങ്ങള്‍ എത്തിച്ചു നല്‍കാനും ഇവരുടെ സേവനം ഉറപ്പാക്കുന്നു. വെസ്റ്റ് ഏളേരി പഞ്ചായത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമെ കൂടുംബശ്രീ പ്രവര്‍ത്തകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. റേഷന്‍ കടകളിലും ടോക്കണ്‍പ്രകാരമാണ് അരി വിതരണം നടപ്പാക്കുന്നത്.  അതാത് മേഖലകളിലെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജനപ്രതിനിധികളും റേഷന്‍ കടകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

രാവിലെ 11 മുതല്‍ 2 വരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കും രണ്ടു മുതല്‍ അഞ്ച് വരെ  നീല , വെള്ള കാര്‍ഡുകള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍  ആധാര്‍ നമ്പറുമായി എത്തി സത്യവാങ്മൂലം നല്‍കണം. സത്യവാങ് മൂലത്തില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതണം. ഓരോ ആധാറും ഇ പോസ് മെഷീനില്‍ എന്റര്‍ ചെയ്ത റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് റേഷന്‍ വിതരണം ചെയ്യുന്നത്.