സിവിൽ സപ്ലൈസ് വകുപ്പിന് വേണ്ടി തുണി സഞ്ചികൾ നിർമിച്ച് കുടുംബശ്രീ മിഷൻ

post

കൊല്ലം:  കൊറോണ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സൗജന്യ റേഷനും ഭക്ഷ്യ കിറ്റും പ്രഖ്യാപിച്ചിരുന്നു കേരള സർക്കാർ. കൊല്ലം ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പ്, അവശ്യ സാധന കിറ്റുകൾ പായ്ക്ക് ചെയ്തു വിതരണം ചെയ്യുന്നതിനായുള്ള തുണി സഞ്ചികൾക്കായി ആശ്രയിച്ചിരുന്നത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ ആണ്. ജില്ലയിലെ നിരവധി കുടുംബശ്രീ യൂണിറ്റുകൾ ആണ് ഇത്തരത്തിൽ തുണി സഞ്ചികൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബശ്രീയുടെ 38  ഓളം യൂണിറ്റുകളും  പുനലൂരും നെടുമ്പനയിലും ഉള്ള രണ്ടു അപ്പാരൽ പാർക്കുകളും ആണ് തുണി സഞ്ചി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നാല്പതിനായിരം തുണി സഞ്ചികൾക്കുള്ള ഓർഡർ ആണ് സിവിൽ സപ്ലൈസ് ആദ്യ ഘട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത്. ഇതിൽ പതിനയ്യായിരം തുണി സഞ്ചികൾ ഉടൻ  തന്നെ കൈമാറും.  കൂടുതൽ ഓർഡർ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ജനുവരി 2020 മുതൽ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ച സാഹചര്യത്തിൽ തുണി സഞ്ചികൾ നിർമിച്ചു വരികയായിരുന്നു ജില്ലയിലെ അപ്പാരൽ പാർക്ക് അടക്കമുള്ള തയ്യൽ യൂണിറ്റുകൾ. അടിയന്തിര സാഹചര്യം വന്നപ്പോൾ  തങ്ങളുടെ സേവനങ്ങളുമായി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് ഇവർ. കൊറോണയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗം ആവുകവഴി തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്  കൊല്ലം ജില്ലയിലെ ഒരു കൂട്ടം കുടുംബശ്രീ വനിതകൾ.