കൊറോണ കണ്‍ട്രോള്‍ റൂമിന്റെ സേവനങ്ങള്‍ ഇന്റെര്‍നെറ്റിലും

post

കാക്കനാട്: ജില്ലയിലെ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഇനി മുതല്‍ വെബ് ആപ്ലിക്കേഷന്‍ വഴിയും ബന്ധപ്പെടാം. പൊതുജനങ്ങള്‍ക്കാവശ്യമായ വിവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് പുറമേ  ഒറ്റപ്പെട്ട്  കഴിയുന്നവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ coronahelpdeskekm.deienami.com  എന്ന വെബ് ആപ്ലിക്കേഷനിലൂടെ സാധിക്കും.

മെഡിക്കല്‍ സംബന്ധമായ ഉപദേശങ്ങളും ആംബുലന്‍സ്  സേവനവും കൗണ്‍സിലിംഗും ലഭ്യമാകുന്ന  ഈ വെബ് ആപ്പിലൂടെ ഗാര്‍ഹിക പീഡന പരാതികളും അറിയിക്കാം. കണ്‍ട്രോള്‍ റൂം സേവനങ്ങള്‍ക്ക് പുറമെ  മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാനായി ഡോക്ടര്‍മാര്‍, മാനസികരോഗ വിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 160 പേരുടെ പാനലിന് രൂപം നല്‍കിയിട്ടുണ്ട്. 

വെബ് ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികളില്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മക്‌ബേഡ് ടെക്‌നോളജീസ് എന്ന ഐ.ടി സ്ഥാപനമാണ് ജില്ലാ ഭരണകൂടത്തിനായി വെബ് ആപ്പ് തയ്യാറാക്കിയത്. വിവിധ സേവനങ്ങള്‍ ആവശ്യമുള്ളവരെ, സേവനദാതാക്കളുമായി ബന്ധിപ്പിക്കുകയാണ് ഈ വെബ് ആപ്ലിക്കേഷന്‍. coronahelpdeskekm.deienami.com എന്ന വെബ്‌സൈറ്റില്‍ ആപ്പ് ഉപയോഗ രീതികള്‍ വിവരിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് പേരും  ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ ശേഷം ഏതു വിഭാഗത്തിലുള്ള സേവനമാണ് ആവശ്യമെന്നത് തിരഞ്ഞെടുക്കണം. കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് വിളിയെത്തും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വെബ് ആപ്പിലൂടെ സാധിക്കുന്നു.